Saturday, October 10, 2026
HomeAmericaഡീസൽ ക്ഷാമം പരിഹരിക്കുന്നതിനായി റഷ്യയുമായി കരാറിൽ ഏർപ്പെട്ട് ട്രംപ്

ഡീസൽ ക്ഷാമം പരിഹരിക്കുന്നതിനായി റഷ്യയുമായി കരാറിൽ ഏർപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ : ലോകമെമ്പാടും കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കുന്നതിനായി വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് ടൺ ഇന്ധനം ലഭ്യമാക്കാൻ റഷ്യ സമ്മതിച്ചതായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ നിർണായക ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉടനടി 3 ലക്ഷം ടൺ ഡീസൽ റഷ്യ വിപണിയിലെത്തിക്കും. തുടർന്ന് നവംബറിൽ 5 ലക്ഷം ടണ്ണും ഡിസംബറിൽ 10 ലക്ഷം ടണ്ണും ഡീസൽ അധികമായി നൽകും. റഷ്യൻ റിഫൈനറികളുടെ പ്രവർത്തനക്ഷമത വിലയിരുത്തി വരും ദിവസങ്ങളിൽ 30 ലക്ഷം ടൺ ഇന്ധനം കൂടി ലഭ്യമാക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ വ്യക്തമാക്കി. റഷ്യൻ ഇന്ധന വിതരണം സുഗമമാക്കുന്നതിനായി റഷ്യയുടെ ഊർജ്ജ മേഖലയ്ക്ക് മേൽ ചുമത്തിയിരുന്ന കടുത്ത ഉപരോധങ്ങൾക്ക് യു.എസ്. താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കൻ-ആഗോള വിപണികളിലേക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകാനുള്ള സന്നദ്ധത റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും സ്ഥിരീകരിച്ചു. ട്രംപുമായി നടത്തിയ സംഭാഷണം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. യുക്രെയ്ൻ പ്രതിസന്ധി, ഇറാൻ വിഷയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്നിവയും ഇരുനേതാക്കളും ചർച്ച ചെയ്തു.

അതേസമയം, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ശക്തമായ ഭാഷയിൽ രംഗത്തെത്തി. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ലഘൂകരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ബലഹീനതയാണ് കാണിക്കുന്നതെന്ന് സെലൻസ്‌കി വിമർശിച്ചു. പുടിന് നൽകുന്ന ഇത്തരം സമ്മാനങ്ങൾ ലോകത്ത് സമാധാനം കൊണ്ടുവരില്ലെന്നും, ഇന്ധനം വിൽക്കാൻ റഷ്യയെ അനുവദിക്കുന്നത് യുദ്ധം നീട്ടിക്കൊണ്ടുപോകാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള സംഘർഷ പശ്ചാത്തലത്തിലാണ് ആഗോളതലത്തിൽ ഡീസൽ വില കുതിച്ചുയർന്നത്. നിലവിൽ യു.എസിൽ ഒരു ഗാലൻ ഡീസലിന് 6.28 ഡോളറാണ് ശരാശരി വില. വരും ദിവസങ്ങളിൽ വില കുത്തനെ ഇടിയുമെന്നും കർഷകർക്കും ട്രക്ക് ഡ്രൈവർമാർക്കും ഇത് വലിയ ആശ്വാസമാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഹെെവേകളിൽ നികുതിയിളവുള്ള ചുവപ്പ് ചായം ചേർത്ത ഡീസൽ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments