വാഷിങ്‌ടൺ : അമേരിക്കൻ സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾ രാജ്യത്ത് തൊഴിൽ പരിശീലനം നൽകുന്നതിന് സർവകലാശാലകൾ വൻ തുക ഫീസ് നൽകേണ്ടിവരും. വിദേശ വിദ്യാർഥികൾക്ക് ജോലിചെയ്യാൻ അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് (ഒ.പി.ടി.) പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ വിദ്യാർഥിക്കും സർവകലാശാലകളിൽനിന്ന് 70,000 ഡോളർ ഫീസ് ഈടാക്കാൻ യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്.) നിർദേശിച്ചു.
നിലവിൽ, അമേരിക്കൻ സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾക്ക് 12 മാസത്തേക്ക് രാജ്യത്ത് ജോലിചെയ്യാൻ ഒ.പി.ടി. പ്രോഗ്രാം അനുമതി നൽകുന്നുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് (സ്റ്റെം) കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് ഇത് 24 മാസംകൂടി നീട്ടി നൽകാനും സാധിക്കും. തുടർന്നുള്ള ഒ.പി.ടി. കാലയളവിനായി അപേക്ഷിക്കുന്ന ഓരോ വിദ്യാർഥിക്കും സർവകലാശാലകൾ വീണ്ടും 30,000 ഡോളർ അധിക ഫീസ് നൽകണമെന്നാണ് പുതിയ നിർദേശം.
വിസ തട്ടിപ്പുകൾ തടയുന്നതിനും അമേരിക്കൻ തൊഴിലാളികളെ വിദേശ മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമാണ് പുതി നിർദേശമെന്ന് ഡി.എച്ച്.എസ്. വ്യക്തമാക്കുന്നു. ഫീസ് നൽകിയില്ലെങ്കിൽ ഒ.പി.ടി. പ്രോഗ്രാം പൂർണമായി നിർത്തലാക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. വിദ്യാർഥികൾക്ക് എച്ച്-1ബി വിസ വഴിയും മറ്റ് തൊഴിലധിഷ്ഠിത വിസ വഴിയും അമേരിക്കയിൽ ജോലിചെയ്യുന്നതിനും പിന്നീട് സ്ഥിരതാമസമാക്കുന്നതിനുമുള്ള പ്രധാന മാർഗമായിരുന്നു ഒ.പി.ടി. പ്രോഗ്രാം.
നിർദേശം നിലവിൽ അമേരിക്കയിലുള്ള 3,50,000-ലധികം ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ ഉപരിപഠനത്തിനുശേഷമുള്ള തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. സർവകലാശാലകൾ ഈ ഭീമമായ തുക വിദ്യാർഥികളിൽനിന്നോ അല്ലെങ്കിൽ അവരെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളിൽനിന്നോ ഈടാക്കാൻ സാധ്യതയുണ്ട്.
ഫീസ് അടയ്ക്കാനുള്ള സാമ്പത്തിക ബാധ്യത എഫ്-1 വിദ്യാർഥികളിലേക്കോ തൊഴിലുടമകളിലേക്കോ സർവകലാശാലകൾ കൈമാറിയേക്കാമെന്ന് ഡി.എച്ച്.എസ്. ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, പങ്കാളികളാകാൻ യോഗ്യരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിൽ സർവകലാശാലകൾ കൂടുതൽ കർശന നിലപാട് സ്വീകരിക്കുമെന്നതിനാൽ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നും ഡി.എച്ച്.എസ്. കൂട്ടിച്ചേർക്കുന്നു.
പുതിയ നിർദേശം ഇതുവരെ അന്തിമമായിട്ടില്ല. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഈ അഭിപ്രായങ്ങൾ പരിഗണിച്ചശേഷമായിരിക്കും ഡി.എച്ച്.എസ്. അന്തിമ തീരുമാനമെടുക്കുക. നിയമം അന്തിമമാക്കി പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷമായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. കൂടാതെ, നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഒ.പി.ടി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഈ ഫീസ് ബാധകമാവുകയുള്ളൂ.

