Thursday, October 8, 2026
HomeAmerica"സമാധാന നൊബേൽ പുരസ്കാരത്തിന് ഞാൻ പൂർണ്ണമായും അർഹൻ, പക്ഷെ എനിക്ക് തരില്ല”, പുരസ്കാര പ്രഖ്യാപനത്തിന്...

“സമാധാന നൊബേൽ പുരസ്കാരത്തിന് ഞാൻ പൂർണ്ണമായും അർഹൻ, പക്ഷെ എനിക്ക് തരില്ല”, പുരസ്കാര പ്രഖ്യാപനത്തിന് മുൻപ് ആശങ്ക അറിയിച്ച് ട്രംപ്

വാഷിങ്‌ടൺ : ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടയിലും, യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കാതിരുന്നിട്ടും താൻ സമാധാന നൊബേൽ പുരസ്കാരത്തിന് പൂർണ്ണമായും അർഹനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ 9 വെള്ളിയാഴ്ച ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെയാണ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് തന്റെ അവകാശവാദം ഉന്നയിച്ചത്. എന്നാൽ തനിക്ക് പുരസ്കാരം ലഭിക്കാനുള്ള സാധ്യതകളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

തന്റെ ഭരണകാലത്ത് എട്ടോളം വലിയ ആഗോള സംഘർഷങ്ങൾ പരിഹരിക്കുകയും ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കുകയും ചെയ്തതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു. “എന്നെപ്പോലെയുള്ള ആളുകൾക്ക് പുരസ്കാരം നൽകാത്ത ചരിത്രമാണ് നൊബേൽ കമ്മിറ്റിക്കുള്ളത്. എനിക്ക് ലഭിച്ചാലും ഇല്ലെങ്കിലും മറ്റാരെക്കാളും കൂടുതൽ കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എനിക്ക് നൽകാതിരിക്കുന്നത് കമ്മിറ്റിക്ക് തന്നെ വലിയ അപമാനമായിരിക്കും,” ട്രംപ് കൂട്ടിച്ചേർത്തു.

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അദ്ദേഹം അധികാരമേറ്റ ആദ്യ വർഷം തന്നെ (2009-ൽ) എന്തിനാണ് നൊബേൽ പുരസ്കാരം നൽകിയതെന്ന് ആർക്കും അറിയില്ലെന്നും, ഒബാമ ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ, കംബോഡിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ഇത്തവണ സമാധാന നൊബേലിനായി തന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞവർഷം (2025-ൽ) സമാധാന നൊബേൽ നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ, തനിക്ക് ലഭിച്ച സ്വർണ്ണ മെഡൽ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ ട്രംപിന് സമ്മാനിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് സാധിച്ചിട്ടില്ല. കൂടാതെ, കഴിഞ്ഞ എട്ട് മാസമായി തുടരുന്ന അമേരിക്ക-ഇറാൻ സൈനിക യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഈ യുദ്ധത്തിലൂടെ ലോകം തന്നെ തകരുന്ന സാഹചര്യം താൻ ഒഴിവാക്കിയെന്നാണ് ട്രംപിന്റെ വാദം.എന്നാൽ, ട്രംപ് ഇറാനുമായി നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇത്തവണ പുരസ്കാരം ലഭിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകരുടെയും ഓസ്ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വിലയിരുത്തൽ. ലിയോ മാർപാപ്പ, അന്താരാഷ്ട്ര ക്രിമിനൽ കോടതി തുടങ്ങിയവരാണ് ഇത്തവണത്തെ പുരസ്കാര സാധ്യതകളിൽ മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments