Tuesday, September 22, 2026
HomeNewsഎം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവം: നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ...

എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവം: നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ദില്ലി: കേരള തീരത്ത് അറബികടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർ കക്ഷികളായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ സജി സുരേന്ദ്രനും, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജികളിലാണ് സുപ്രീംകോടതി തൽസ്ഥിതി ഉത്തരവ് കോടതി പുറത്തിറക്കിയത്. കേസിൽ ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ വി ചിദംബരേഷ്, വി ജെ മാത്യു, അഭിഭാഷകരായ ജോയ് തട്ടിൽ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രൻ എന്നിവർ ഹാജരായി.ഷിപ്പിംഗ് കമ്പനിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, പ്രശാന്ത് എസ് പ്രതാപ് എന്നിവർ ഹാജരായി.

2025 മെയ് മാസത്തിലാണ് അറബിക്കടലിൽ എം എസ്‌ സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എം എസ്‌ സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400 ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments