വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ ഉപദേശകന് ‘എഐ സാർ’ (AI Czar) എന്നറിയപ്പെടുന്ന പദവി സൃഷ്ടിക്കുമെന്നാണ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ രണ്ട് പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
‘ഈ അതിശയകരമായ വ്യവസായത്തിന്റെ വളർച്ചയെ ഒരു തരത്തിലും തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യില്ല. പകരം, അതിനെ നാം സംരക്ഷിക്കുകയും സഹായിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. എന്നാൽ മോശം കാര്യങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇതിനായി നിലവിലുള്ള ക്രിമിനൽ, സിവിൽ നീതിന്യായ സംവിധാനങ്ങൾ തന്നെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപ് ഈ പ്രഖ്യാപനം നടപ്പാക്കിയാൽ അമേരിക്കയുടെ രണ്ടാമത്തെ ‘എഐ സാർ’ ആയിരിക്കും പുതിയ നിയമനം. വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ഡേവിഡ് സാക്സ് നേരത്തെ ഈ ചുമതല വഹിച്ചിരുന്നു. വസന്തകാലത്ത് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു.

