മനില: ഫിലിപ്പീൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാലവൻ പ്രവിശ്യക്ക് സമീപം യാത്രാ ഫെറിയിലുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽപ്പെട്ട 87 പേരെ കാണാതായിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ കോറോൺ ദ്വീപിന് സമീപമാണ് ‘എംവി ജൂൺ ആസ്റ്റർ’ എന്ന കപ്പലിന് തീപിടിച്ചത്.
ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നിന്ന് പുറപ്പെട്ട കപ്പൽ തീരത്തുനിന്ന് രണ്ട് കിലോമീറ്ററിലധികം അകലെയായിരിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് 117 യാത്രക്കാരും 17 ജീവനക്കാരുമുൾപ്പെടെ ആകെ 134 പേർ കപ്പലിലുണ്ടായിരുന്നു. തീപിടുത്തത്തിൽ കപ്പൽ പൂർണ്ണമായും കത്തിയമർന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് 42 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കാണാതായ 87 പേർക്കായി കടലിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണ്. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിരവധി ദ്വീപുകളുള്ള ഫിലിപ്പീൻസിൽ സുരക്ഷാ വീഴ്ചകളും കപ്പലുകളുടെ അമിതഭാരവും കാരണം സമുദ്ര അപകടങ്ങൾ പതിവാണ്.

