തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ കൃത്യമായ നിയമപരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി നൽകിയ ശുപാർശയിൽ അതീവ ഗൗരവമുള്ള കാര്യങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നും, എന്നാൽ തെളിവുകൾ പൂർണ്ണമായി പരിശോധിച്ച ശേഷം നിയമപരമായ വഴിയിലൂടെ മാത്രമേ സർക്കാർ മുന്നോട്ടുപോകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരിക്കുന്നത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും നിയമം അതിന്റെ വഴിക്കുതന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളോട് രാഹുൽ ഗാന്ധി പൂർണ്ണമായി സഹകരിച്ച കാര്യം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, വണ്ടിയോ പൊതുമുതലോ തല്ലിപ്പൊളിക്കുന്ന രീതി തങ്ങൾക്കില്ലെന്നും വ്യക്തമാക്കി.

