തിരുവനന്തപുരം: കടുത്ത ചൂടും ഉപഭോഗത്തിലെ അപ്രതീക്ഷിത വർധനയും കാരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പെട്ടെന്ന് സ്വിച്ചിട്ട് പരിഹരിക്കാവുന്നതോ അത്ഭുതങ്ങൾ സംഭവിക്കുന്നതോ ആയ ഒരു സാഹചര്യമല്ല നിലവിലുള്ളത്. എവിടെനിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയാറാണെന്നും അതിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 1000ത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ ആവശ്യകത 4153 മെഗാവാട്ടിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എയർകണ്ടീഷനിങ് സംവിധാനങ്ങളുള്ള കെട്ടിടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയതും അവ രാത്രികാലങ്ങളിൽ ചാർജ് ചെയ്യുന്നതും പീക്ക് അവേഴ്‌സിലെ ഭാരം കൂട്ടിയെന്നും ചൂട് കാലാവസ്ഥ കാരണം രാപകൽ ഭേദമന്യേയുള്ള വൈദ്യുതി ഉപയോഗവും നിയന്ത്രണത്തിന് നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഉൽപാദനക്കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. കേരളം സ്വന്തമായി ഉൽപാദിപ്പിക്കുന്നത് വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാന ആശ്രയം. എന്നാൽ പുതിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിന് നിലവിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൂടംകുളം ആണവനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും കേരളത്തിൽ ചില കോണുകളിൽ നിന്ന് അതിനെതിരെ എതിർപ്പുകൾ ഉയരുന്നത് തടസ്സമാണ്. ജനങ്ങളുടെ പ്രയാസങ്ങൾ പൂർണമായി മനസ്സിലാക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണമായ സഹകരണമുണ്ടാകണമെന്നും മന്ത്രി സണ്ണി ജോസഫ് അഭ്യർത്ഥിച്ചു.
പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം വ്യക്തമാക്കി. ഇന്നലെ 700 മെഗാവാട്ട് കുറവാണുണ്ടായത്. 5008 മെഗാവാട്ടായിരുന്നു പീക്ക് അവറിലെ ആവശ്യകത. വൈദ്യുതി നിയന്ത്രണ അറിയിപ്പ് രജിസ്റ്റർ ചെയ്ത നമ്പറിൽ എസ്എംഎസ് ആയി വരുമെന്നും രാജമാണിക്യം പറഞ്ഞു. രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

