വാഷിങ്ടൺ: ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഗൈഡഡ് മിസൈലുകളും മറ്റ് ആയുധങ്ങളും വികസിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ അന്ത്രോപിക് കമ്പനിയുടെ ക്ലോഡ് (Claude) എഐ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്. പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക് പുറത്തുവിട്ട 154 പേജുള്ള പുതിയ ഭീഷണി അവലോകന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. യെമനിലെ ഒരു ആയുധ എഞ്ചിനീയറിംഗ് വിഭാഗമാണ് ക്ലോഡ് കോഡ് (Claude Code) ഉപയോഗിച്ച് ആയുധങ്ങളുടെ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ (GNC) സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കാൻ ശ്രമിച്ചത്. മൂന്ന് പ്രധാന മിസൈൽ പദ്ധതികൾക്കായാണ് ഇവർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു:
വിപണിയിൽ സാധാരണ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ക്ലാസ് ഫ്‌ളൈറ്റ് കമ്പ്യൂട്ടറും ഫൈനൽ-ഫേസ് ഹോമിംഗ് ഗൈഡൻസും ഉപയോഗിച്ചുള്ള സംവിധാനം. ഇത് ഗൈഡഡ് റോക്കറ്റുകൾ വികസിപ്പിക്കാനായി ഉപയോഗിച്ചു. 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടിസ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ അടക്കമുള്ള മിസൈൽ വകഭേദങ്ങൾ വികസിപ്പിക്കാനും ഇവർ ശ്രമിച്ചു.
ഓപ്പൺ സോഴ്‌സ് ഓട്ടോപൈലറ്റ് സംവിധാനത്തെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനും കൺട്രോൾ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കുന്നതിനും, ഫ്‌ളൈറ്റ് സിമുലേഷനുകൾ നടത്തുന്നതിനുമാണ് ഹൂതികൾ ക്ലോഡ് ഉപയോഗിച്ചത്. ഒരേസമയം ക്ലോഡിന്റെ ഒന്നിലധികം സെഷനുകൾ പ്രവർത്തിപ്പിച്ച്, ഒന്നിൽ കോഡിംഗും മറ്റൊന്നിൽ ഗവേഷണവും മൂന്നാമത്തേതിൽ പരിശോധനയും നടത്തിയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്. എഐയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ യഥാർത്ഥ ലക്ഷ്യങ്ങൾ മറച്ചുവെക്കുകയും പരീക്ഷണങ്ങൾ വെവ്വേറെ സെഷനുകളായി വിഭജിക്കുകയുമാണ് ചെയ്തത്. ഇതിലൂടെ ഇവർ ക്ലോഡിനെ കബളിപ്പിച്ചു.
ഇത്രയൊക്കെ ചെയ്‌തെങ്കിലും ഹൂതികൾ പരീക്ഷണാർത്ഥം വിക്ഷേപിച്ച ഗൈഡഡ് റോക്കറ്റ് പരീക്ഷണം പരാജയപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്ഷേപണം പരാജയപ്പെട്ട് മണിക്കൂറുകൾക്കകം സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഇവർ വീണ്ടും ക്ലോഡിന്റെ സഹായം തേടിയതായി അന്ത്രാപിക് വെളിപ്പെടുത്തി. ആന്തരിക അന്വേഷണത്തിലൂടെ ഈ ദുരുപയോഗം കണ്ടെത്തിയ കമ്പനി, ഇതിനുപിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകൾ റദ്ദാക്കുകയും വിവരങ്ങൾ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾക്ക് കൈമാറുകയും ചെയ്തു. ആയുധ നിർമ്മാണത്തിനായി ക്ലോഡ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ആറ് സംഭവങ്ങളിൽ ഒന്നാണ് യെമനിലേത്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംഘടനകളും തോക്കുകൾ, ഡ്രോണുകൾ, ബോംബുകൾ, സൈബർ ആക്രമണങ്ങൾ, ജൈവായുധ ഗവേഷണം എന്നിവയ്ക്കായി എഐ ഉപയോഗിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

