ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ മണിക്കൂറുകൾ നീണ്ട സാങ്കേതിക തകരാറിനെത്തുടർന്ന് ലണ്ടൻ ഹീത്രൂ ഉൾപ്പെടെയുള്ള പ്രമുഖ ബ്രിട്ടീഷ് വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വ്യോമകേന്ദ്രങ്ങളിലൊന്നായ ലണ്ടനിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതോടെ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
വിമാന സർവീസുകൾ നിരീക്ഷിക്കുന്ന ‘ഫ്ലൈറ്റ്‌റഡാർ24’-ൻ്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച മാത്രം യുകെയിലേക്കും തിരിച്ചുമുള്ള ഏകദേശം 1,300 വിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ഹീത്രൂവിൽ മാത്രം 177 സർവീസുകൾ കൂടി റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്‌വിക്, സ്റ്റാൻസ്റ്റഡ് വിമാനത്താവളങ്ങൾക്ക് പുറമേ മാഞ്ചസ്റ്റർ വിമാനത്താവളത്തെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചു.
ബ്രിട്ടനിലെ സാങ്കേതിക തകരാർ ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകളെയും ബാധിച്ചിട്ടുണ്ട്. യുകെയിലേക്കും അവിടെനിന്നുമുള്ള തങ്ങളുടെ ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ, വൈകുകയോ, റദ്ദാക്കുകയോ ചെയ്യേണ്ടി വന്നതായി എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഖത്തർ എയർവേയ്‌സും തങ്ങളുടെ സർവീസുകളിൽ സമയമാറ്റവും റൂട്ട് മാറ്റവും ഉണ്ടാകുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് ബജറ്റ് എയർലൈനായ റയൻഎയറിൻ്റെ 50-ലധികം സർവീസുകൾ റദ്ദാക്കിയതോടെ 65,000-ത്തോളം യാത്രക്കാരാണ് ദുരിതത്തിലായത്.
ക്ഷമാപണവുമായി അധികൃതർയുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ സേവനദാതാക്കളായ എൻ.എ.ടി.എസ് സാങ്കേതിക പ്രശ്നം പരിഹരിച്ചതായും സിസ്റ്റം ഇപ്പോൾ സാധാരണ നിലയിലാണെന്നും അറിയിച്ചു. എങ്കിലും, വിമാനങ്ങളും ജീവനക്കാരും കൃത്യസ്ഥലങ്ങളിൽ എത്തിക്കുന്നതിലെ താമസം കാരണം വരും ദിവസങ്ങളിലും തടസ്സങ്ങൾ തുടരുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.“സാധാരണ നില വീണ്ടെടുക്കാൻ ഞങ്ങൾ വിചാരിച്ചതിലും കൂടുതൽ സമയമെടുക്കുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എൻ.എ.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്താൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ഹീത്രൂ വിമാനത്താവളത്തെ ബാധിക്കുന്ന രണ്ടാമത്തെ വലിയ സിസ്റ്റം തകരാർ ആണിത്.

