Wednesday, September 2, 2026
HomeAmericaവാഷിംഗ്ടൺ ഡി.സിയിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി ശിവഗിരി ഫൗണ്ടേഷന്റെ ഓണാഘോഷവും ഗുരുജയന്തിയും

വാഷിംഗ്ടൺ ഡി.സിയിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി ശിവഗിരി ഫൗണ്ടേഷന്റെ ഓണാഘോഷവും ഗുരുജയന്തിയും

പൊട്ടോമാക് (മേരിലാൻഡ്): ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സി. (SFWDC) യുടെ ആഭിമുഖ്യത്തിൽ 2026-ലെ തിരുവോണാഘോഷവും 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ദിനാചരണവും പൊട്ടോമാക് കമ്മ്യൂണിറ്റി സെന്ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാഷിംഗ്ടൺ മെട്രോപൊളിറ്റൻ മേഖലയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടന്ന സംഗമം, കേരളീയ പാരമ്പര്യത്തിന്റെയും ശ്രീനാരായണ ഗുരുദർശനങ്ങളുടെയും മനോഹരമായ വേദി ആയി മാറി.

ഓണം പൂക്കളം ഒരുക്കിയത് ഭരത്, മാധവ്, ധ്യാൻ, ഗായത്രി, അലീന, ഐറിൻ, മഹിത എന്നീ യൂത്ത് ടീം അംഗങ്ങളായിരുന്നു. സദ്യാ കോർണറിന്റെ ചുമതല അജയ്കുമാറും സംഘവും നിർവഹിച്ചു. ഓഡിയോ സംവിധാനത്തിന് രാകേഷ് സഹദേവൻ, വീഡിയോഗ്രഫിക്ക് മോഹൻകുമാർ, ഫോട്ടോഗ്രഫിക്ക് അലീനയും എയ്റീനും, സ്റ്റേജ് സെറ്റപ്പ് പൂജ ഡെക്കറേഷൻസ് എന്നിവയ്ക്ക് ലക്ഷ്മിക്കുട്ടി പണിക്കർ, മാണി തൈവളപ്പിൽ, സത്യാ മേനോൻ, ലത ധനഞ്ജയ് എന്നിവരും നേതൃത്വം നൽകി.

SFWDC കുടുംബങ്ങളുടെ കൂട്ടായ്മയിൽ നിന്നും സ്വാദിഷ്ടമായ മലയാളതനിമയുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്.

തുടർന്ന് വാദ്യമേളങ്ങളുടെയും മാവേലി മന്നന്റെയും അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്ര അരങ്ങേറി. ഡോ. മധു നമ്പ്യാർ മഹാബലിയുടെ വേഷം അണിഞ്ഞ് എല്ലാവരെയും ഓണാശംസകൾ നേർന്നു സ്വീകരിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക സമ്മേളനം KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ഡോ. വിജിലി ബഹുലേയൻ, ഡോ. ജോസ് വെട്ടിക്കൽ, ലക്ഷ്മിക്കുട്ടി പണിക്കർ, ഷീജ തൈവലപ്പിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ SFWDC പ്രസിഡന്റ് ഡോ. വിജിലി ബഹുലേയൻ, ഓണത്തിന്റെയും ഗുരുജയന്തിയുടെയും ഏകീകൃത മാനവിക സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. മഹാബലിയുടെ ഭരണകാലത്തെ സമത്വവും നീതിയും യാഥാർത്ഥ്യമാക്കാനുള്ള ജീവിതചര്യയാണ് ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് പകർന്നുനൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്”, “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും” എന്നീ മഹത് വചനങ്ങളും അദ്വൈത ദർശനവും വിഭജനങ്ങളില്ലാത്ത ഒരു ലോകത്തിനായുള്ള വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബജീവിതത്തിൽ ധർമ്മം മുറുകെപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, കൃഷി, ശാസ്ത്ര-സാങ്കേതിക പരിശീലനം തുടങ്ങിയ പ്രായോഗിക ആദർശങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്നും പ്രസിഡന്റ് ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സ്വാമി മുക്താനന്ദ യതിയുടെ ഓണം-ചതയം സന്ദേശം പ്രദർശിപ്പിച്ചു.

പ്രധാന അതിഥിയായ ടി. ഉണ്ണികൃഷ്ണന് പുറമെ, മേഖലയിലെ പ്രമുഖ മലയാളി സംഘടനകളായ KAGW പ്രസിഡന്റ് ഡോ. നാരായണൻ വലപ്പിൽ, KCS പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ, NSGW പ്രസിഡന്റ് ജിനേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനങ്ങളും സാഹോദര്യവുമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് നേതാക്കൾ തങ്ങളുടെ സന്ദേശങ്ങളിൽ വ്യക്തമാക്കി.

തുടർന്ന് അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. അംഗങ്ങൾ അവതരിപ്പിച്ച ദൈവദശകം, തിരുവാതിരക്കളി, സ്വാതിതിരുനാൾ വഞ്ചിപ്പാട്ട്, ശാസ്ത്രീയ-സംഗീത നൃത്തങ്ങൾ, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ എന്നിവ സദസ്സിന് നവ്യാനുഭവമായി. സംഘടനയുടെ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

SFWDC സെക്രട്ടറി ഷീജ തൈവലപ്പിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇരു രാജ്യങ്ങളുടെയും ദേശീയഗാനാലാപനത്തോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments