Wednesday, September 2, 2026
HomeAmericaട്രംപിന് ആശ്വാസം: വൈറ്റ് ഹൗസ് 'ബോൾറൂം’ നിർമ്മാണത്തിന് സുപ്രീം കോടതിയുടെ അനുമതി

ട്രംപിന് ആശ്വാസം: വൈറ്റ് ഹൗസ് ‘ബോൾറൂം’ നിർമ്മാണത്തിന് സുപ്രീം കോടതിയുടെ അനുമതി

വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്വപ്ന പദ്ധതിയായ വൈറ്റ് ഹൗസിലെ പുതിയ ‘ബോൾറൂം’ നിർമ്മാണത്തിന് സുപ്രീം കോടതിയുടെ അനുമതി. നിർമ്മാണം താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. അഞ്ച്-നാലിനാണ് (5-4) സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സും മൂന്ന് ലിബറൽ ജഡ്ജിമാരും ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.വൈറ്റ് ഹൗസിൻ്റെ കിഴക്കേ വിഭാഗം (East Wing) നിന്നിരുന്ന സ്ഥാനത്താണ് 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ ബോൾറൂം സമുച്ചയം ഉയരുന്നത്. പൈതൃക സംരക്ഷണത്തിനായുള്ള സംഘടനയായ ‘നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ’ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ അടിയന്തര ഇടപെടൽ. പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് കോടതി നിലവിൽ അന്തിമമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഈ വിഷയത്തിൽ ഫെഡറൽ കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് നിയമപരമായ അവകാശമില്ല (Article III Standing) എന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

ദേശീയ സുരക്ഷ മുൻനിർത്തി നിർമ്മാണം തുടരാംഭൂഗർഭത്തിൽ നിർമ്മിക്കുന്ന അതീവ സുരക്ഷാ സൈനിക സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രോജക്റ്റെന്നും, നിർമ്മാണം തടസ്സപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമുള്ള ഇന്റലിജൻസ്, സീക്രട്ട് സർവീസ്, ആർമി മേധാവികളുടെ വാദങ്ങൾ കോടതി അംഗീകരിച്ചു. നിലവിൽ 65 ശതമാനത്തിലധികം നിർമ്മാണം പൂർത്തിയായതായും, 250 പേരടങ്ങുന്ന സംഘം ആഴ്ചയിൽ 7 ദിവസവും 20 മണിക്കൂർ വീതവും ജോലി ചെയ്യുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ ഡി. ജോൺ സൗവർ കോടതിയെ അറിയിച്ചു. ട്രംപിന് നേരെയുണ്ടായ വധശ്രമങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്ക് ഈ പുതിയ സമുച്ചയം അനിവാര്യമാണെന്നാണ് ഭരണകൂടത്തിൻ്റെ വാദം.

ഭരണഘടനയനുസരിച്ച് ഫെഡറൽ സ്വത്തുക്കളുടെ വികസനത്തിനും ഫണ്ടിംഗിനും കോൺഗ്രസിനാണ് (അമേരിക്കൻ പാർലമെൻ്റ്) പൂർണ്ണ അധികാരം എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ഉൾപ്പെടെയുള്ള നാല് ജഡ്ജിമാർ ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. പാർലമെൻ്റിൻ്റെ അനുമതിയില്ലാതെ ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് ഇവർ നിരീക്ഷിച്ചു.

വിധി പുറത്തുവന്നതിന് പിന്നാലെ ഡോണൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി സന്തോഷം പങ്കുവെച്ചു. “നമ്മൾ ജീവിക്കുന്നത് അമേരിക്കയുടെ സുവർണ്ണകാലത്താണ്. വാഷിംഗ്ടൺ ഡി.സിയിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും മികച്ച കെട്ടിടങ്ങളിൽ ഒന്നായിരിക്കും ഇത്. 2028 ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകുമ്പോൾ രാജ്യം മുഴുവൻ ഇതിൽ അഭിമാനിക്കും,” ട്രംപ് കുറിച്ചു. സ്വകാര്യ സംഭാവനകളിലൂടെ സമാഹരിക്കുന്ന 400 മില്യൺ ഡോളർ (ഏകദേശം 40 കോടി ഡോളർ) ചിലവഴിച്ചാണ് ഈ മന്ദിരം നിർമ്മിക്കുന്നത്.

അതേസമയം, വൈറ്റ് ഹൗസ് എന്നത് ജനങ്ങളുടെ ഔദ്യോഗിക വസതിയാണെന്നും ജനപ്രതിനിധികളുടെ അനുമതിയില്ലാതെ അത് പൊളിച്ചുപണിയാൻ പ്രസിഡൻ്റിന് ഏകപക്ഷീയമായ അധികാരമില്ലെന്നും ഹർജിക്കാരായ നാഷണൽ ട്രസ്റ്റ് ഭാരവാഹികൾ പ്രതികരിച്ചു. കേസിൽ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments