വാഷിംഗ്ടൺ : വാഷിംഗ്ടൺ ഡി.സി.യിലെ ചരിത്രപ്രസിദ്ധമായ ‘ഈസ്റ്റ് പൊട്ടോമാക് ഗോൾഫ് ലിങ്ക്സ്’ നവീകരിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതികൾ വലിയ നിയമപോരാട്ടത്തിലേക്ക്. 106 വർഷം പഴക്കമുള്ള ഈ പൊതു ഗോൾഫ് കോഴ്സ് നവീകരണത്തിനായി അടച്ചുപൂട്ടുന്നത് നഗരത്തിന്റെ സാംസ്കാരിക പൈതൃകത്തെ ബാധിക്കുമെന്നും സാധാരണക്കാരായ കളിക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ ഈ കോഴ്സിനെ ‘ട്രാഷ് ഐലൻഡ്’ (ചപ്പുചവറുകളുടെ ദ്വീപ്) എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇതിനെ ലോകോത്തര ടൂർണമെന്റുകൾ നടത്താൻ സാധിക്കുന്ന അത്യാധുനിക നിലവാരത്തിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനായി നവംബർ മുതൽ 15 മാസത്തേക്ക് കോഴ്സ് പൂർണ്ണമായി അടച്ചിടുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. നിലവിലെ കോഴ്സ് ജീർണ്ണിച്ച അവസ്ഥയിലാണെന്നും അവിടുത്തെ മരങ്ങൾ രോഗബാധിതമാണെന്നും കടൽഭിത്തി തകർച്ചയുടെ വക്കിലാണെന്നുമാണ് ട്രംപിന്റെ വാദം.
എന്നാൽ, ട്രംപിന്റെ ഈ പ്രസ്താവനകൾ അതിശയോക്തിപരമാണെന്ന് ഇവിടെ സ്ഥിരമായി കളിക്കാനെത്തുന്നവർ പറയുന്നു. വിദേശ രാജ്യങ്ങളിൽ കാണുന്ന ലക്ഷ്വറി പ്രൈവറ്റ് ഗോൾഫ് കോഴ്സുകളുടെ ആഡംബരങ്ങളോ, വലിയ ലോക്കർ റൂമുകളോ ഇവിടെയില്ലെങ്കിലും, സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കളിക്കാൻ സാധിക്കുന്ന ഏക ഇടമാണിതെന്നാണ് പ്രദേശവാസികളുടെ പക്ഷം. മുതിർന്ന പൗരന്മാർക്ക് കേവലം 29 ഡോളറിന് (ഏകദേശം 21.65 പൗണ്ട്) ഇവിടെ 18 ഹോളുകൾ കളിക്കാൻ സാധിക്കും. നവീകരണം പൂർത്തിയാകുന്നതോടെ വലിയ കളിക്കാർ വരുന്നത് വഴി തങ്ങൾക്ക് പ്രവേശനം നഷ്ടമാകുമെന്ന ആശങ്കയിലാണ് ഇവർ.
ഇതിനിടെ, കോടതിക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെ അധികൃതർ കോഴ്സിലെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതോടെയാണ് നിയമപോരാട്ടം കടുത്തത്. ‘ഡി.സി പ്രിസർവേഷൻ ലീഗും’ രണ്ട് ഗോൾഫ് കളിക്കാരും ചേർന്ന് നൽകിയ ഹർജിയെ തുടർന്ന് ഫെഡറൽ ജഡ്ജി നവീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 26 വരെ താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. വൈറ്റ് ഹൗസും പ്രാദേശിക സമൂഹവും തമ്മിലുള്ള ഈ തർക്കത്തിൽ കോടതിയുടെ അന്തിമ തീരുമാനം എന്താകുമെന്ന ഉറ്റുനോക്കുകയാണ് വാഷിംഗ്ടൺ ഡി.സി.

