വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കൺവെൻഷൻ 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ അമേരിക്കയിലെ വിർജീനിയയിൽ നടക്കും. ഹെർണ്ടണിലെ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലാണ് വേദി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാനും മലയാളികളുടെ സാംസ്കാരിക പൈതൃകവും സൗഹൃദബന്ധങ്ങളും ആഗോളതലത്തിൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ മലയാളികൾക്ക് ഒത്തുചേരാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും പുതിയ സൗഹൃദബന്ധങ്ങൾ സ്ഥാപിക്കാനും കൺവെൻഷൻ വേദിയാകും. മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൺവെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പ്രധാന പ്രഖ്യാപനങ്ങളും വരുംദിവസങ്ങളിൽ അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
വേദിയുടെ വിലാസം: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171.
കൂടുതൽ വിവരങ്ങൾക്ക്: www.wmcgc.com

