Wednesday, October 21, 2026
HomeAmericaഷിക്കാഗോയിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലെ യാത്രക്കാർ സുരക്ഷിതർ

ഷിക്കാഗോയിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലെ യാത്രക്കാർ സുരക്ഷിതർ

ഷിക്കാഗോ : ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം ഷിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടക രഹിതമായി ഇറക്കി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 ഓടെയായിരുന്നു സംഭവം. ബാഴ്‌സലോണയിൽ നിന്ന് ഷിക്കാഗോയിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 41 ആണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

വിമാനം നിലംതൊടുന്നതിന് തൊട്ടുമുമ്പ് ബ്രേക്കിന് തകരാർ ഉള്ളതായി പൈലറ്റുമാർ റിപ്പോർട്ട് ചെയ്തിരുന്നു.ലാൻഡിംഗിനിടെ ബ്രേക്കുകൾ പെട്ടെന്ന് ലോക്കായതാണ് രണ്ട് ടയറുകൾ ഒന്നിച്ച് പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിംഗ് സമയത്ത് വലിയൊരു സ്ഫോടന ശബ്ദം കേട്ടതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.

അപകടസമയത്ത് വിമാനത്തിൽ 245 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ടയർ പൊട്ടിയതിനെ തുടർന്ന് റൺവേയിൽ കുടുങ്ങിയ വിമാനത്തിൽ നിന്നും ഗോവണി ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. തുടർന്ന് ഇവരെ പ്രത്യേക ബസുകളിൽ സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റി. യാത്രക്കാർ ആരും പരിഭ്രാന്തരായില്ലെന്നും വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ വുഡ്ജോൺ അബ്ബേറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ഷിക്കാഗോ ഫയർ ഡിപ്പാർട്ട്മെന്റ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് ലാൻഡിംഗിൽ പരിക്കേറ്റിട്ടില്ലെന്നും, യാത്രയ്ക്കിടയിൽ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടിയന്തര രക്ഷാപ്രവർത്തകർ റൺവേയിൽ എത്തിയിരുന്നതായും, വിമാനം വിശദമായ പരിശോധനകൾക്കായി സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റിയതായും അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ഇതേ വിമാനത്താവളത്തിൽ നാല് വിമാനങ്ങളുടെ ടയറുകൾ സമാനമായ രീതിയിൽ പൊട്ടിത്തെറിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments