വാഷിംഗ്ടണ്‍: ഇറാനെതിരായ തിരിച്ചടിക്കുള്ള ഇസ്രായേലിന്റെ സൈനിക പദ്ധതികളെക്കുറിച്ചുള്ള യു.എസ് ഉന്നത രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ സംഭവം യു.എസ് അന്വേഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അതീവ രഹസ്യ വിവരങ്ങളുടെ ചോര്‍ച്ച വളരെ ആശങ്കാജനകമാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 15, 16 തീയതികളിലെ രേഖകള്‍, ‘മിഡില്‍ ഈസ്റ്റ് സ്പെക്ടേറ്റര്‍’ എന്ന അക്കൗണ്ട് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം വെള്ളിയാഴ്ചമുതല്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇവ അതീവരഹസ്യരേഖയാണെന്നും, അവ യുഎസിനും അതിന്റെ ‘ഫൈവ് ഐസ്’ സഖ്യകക്ഷികളായ ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്ക്കും മാത്രമേ കാണാനാകൂ എന്നതും വിവരങ്ങളുടെ ചോര്‍ച്ച ഗുരുതരമാണെന്ന് സൂചിപ്പിക്കുന്നു.
ഒക്ടോബര്‍ ഒന്നിന് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നത്.അതീവ രഹസ്യ സ്വഭാവമുള്ള രേഖയിലേക്ക് ആര്‍ക്കൊക്കെ ആക്സസ്സ് ഉണ്ടെന്ന് അന്വേഷിക്കുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തരത്തിലുള്ള ഏതൊരു ചോര്‍ച്ചയും പെന്റഗണ്‍, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം എഫ്ബിഐയുടെ അന്വേഷണത്തിലേക്കും നീങ്ങും.
അതേസമയം, യുഎസ്-ഇസ്രായേല്‍ ബന്ധത്തിലെ അതീവ തന്ത്രപ്രധാനമായ നിമിഷത്തിലാണ് ഈ ചോര്‍ച്ച വരുന്നത്. ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്ന ഇസ്രായേലിന്റെ രോഷത്തിന് ഇത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ ആണവായുധം പ്രയോഗിക്കാന്‍ പദ്ധതിയിടുന്നതായി സൂചനയൊന്നും യുഎസ് കണ്ടിട്ടില്ലെന്നും രേഖ പറയുന്നു.‘
ഇസ്രായേല്‍: വ്യോമസേന ഇറാനെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നു’ എന്ന തലക്കെട്ടിലുള്ളതാണ് രേഖകളിലൊന്ന്. ഇത് ഇറാനെതിരായേക്കാവുന്ന സൈനിക നടപടിയെ പരിശീലിപ്പിക്കുന്നതിനായുള്ള സമീപകാല ഇസ്രായേലി അഭ്യാസങ്ങളുടെ രൂപരേഖ നല്‍കുന്നു. ഈ തയ്യാറെടുപ്പുകളില്‍ എയര്‍-ടു-എയര്‍ ഇന്ധനം നിറയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍-രക്ഷാദൗത്യങ്ങള്‍, ഇറാനിയന്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ രണ്ടാമത്തെ രേഖ വെളിപ്പെടുത്തുന്നത് യുദ്ധസാമഗ്രികളും മറ്റ് സൈനിക സ്വത്തുക്കളും തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഇസ്രായേല്‍ ശ്രമങ്ങള്‍ എങ്ങനെയെന്നാണ്.