ന്യൂയോർക്ക്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാന്‍ എംപി എന്നിവർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസിൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാനുമായി കോൺസുലേറ്റിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. നേതാക്കളുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ ശേഖരിച്ച നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, ആവശ്യങ്ങൾ എന്നിവയടങ്ങിയ വിശദമായ രൂപരേഖയുമായി സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുലർ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
യാത്രാ പ്രശ്‌നങ്ങൾ, സീസൺ കാലത്തെ വിമാന ചാർജ് വർധനവ്, ഒ.സി.ഐ കാർഡ് വിഷയം, അമേരിക്കയിൽ പാസ്‌പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർ നാട്ടിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ പ്രവാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ച്ച.
സന്ദർശന സംഘത്തിലുള്ള ഷെഖീഖ് അടക്കാപലരുമായി കേന്ദ്ര വിദേശകാര്യ വകുപ്പിലെ പല ഉദ്യോഗസ്ഥർക്കുമുള്ള ബന്ധങ്ങൾ കോൺസിൽ ജനറൽ ചുണ്ടിക്കാട്ടി. പ്രവാസി പൊതു പ്രവർത്തകരായ കെ,എം.സി.സി യു.എസ്.എ പ്രസിഡന്‍റ് യു എ നസീർ, യു.എ.ഇ കെ. എം.സി,സി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, എരഞ്ഞിക്കൽ ഹനീഫ്, മുസ്തഫ കമാൽ എന്നിവരും കൂടിക്കാഴ്ച്ചയിൽ സന്നിഹിതരായിരുന്നു. അമേരിക്കൻ പര്യടനം പൂർത്തിയാക്കി സാദിക്കലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പിയും സംഘവും കഴിഞ്ഞദിവസം ന്യൂയോർക്ക് നിന്ന് ഡൽഹി വഴി നാട്ടിലേക്ക് തിരിച്ചു.