വാഷിങ്ടൺ: യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്താൻ ഒരുങ്ങുന്നതിനിടെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ഡോണൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരും തമ്മിലുള്ള ‘സൗഹൃദഭാവങ്ങളെ’ തമാശരൂപേണ പരാമർശിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്.എന്നാൽ, ഞങ്ങൾ ഇപ്പോൾ വളരെ സൗഹൃദത്തിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഉൽചി ഫ്രീഡം ഷീൽഡ്’ എന്ന പേരിൽ ആഗസ്റ്റ് 17 മുതൽ 27 വരെയാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നത്.
ഡ്രോണുകളെ പ്രതിരോധിക്കൽ, ജി.പി.എസ് തടസ്സങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയവ നേരിടാനുള്ള പരിശീലനങ്ങൾ എന്നിവയാണ് സൈനിക പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ വളർന്നുകൊണ്ടിരിക്കുന്ന സൈനിക ശേഷികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് യു.എസും സഖ്യകക്ഷികളും ഈ നീക്കം നടത്തുന്നത്.അതേസമയം, യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്ത് എത്തിയിട്ടുണ്ട്. സൈനികാഭ്യാസങ്ങൾ കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ രൂക്ഷമാക്കുമെന്നും ഇത് പ്രകോപനപരമാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുടെ സൈനിക സഹകരണം ഒരു ‘ആണവ സഖ്യമായി’ മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പുതിയ ഭീഷണികളെ പുതിയ തലത്തിലുള്ള പ്രതിരോധംകൊണ്ട് നേരിടുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ സൈനികാഭ്യാസം. ആധുനിക യുദ്ധമുറകളുടെ പുതിയ വശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും വക്താവ് കുറ്റപ്പെടുത്തി.
അതേസമയം, പുതിയ മിസൈൽ ആഗസ്റ്റ് 12ന് ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഒരാഴ്ചക്കിടെയുള്ള രണ്ടാമത്തെ പരീക്ഷണമായിരുന്നു ഇത്. പ്യോങ്യാങ് കിഴക്കൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ് പസഫിക് കമാൻഡ് ഇതിനെ ‘മിസൈൽ വിക്ഷേപണം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

