Sunday, August 16, 2026
HomeNewsവന്ദേമാതര ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പി നീക്കം

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പി നീക്കം

ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പിയുടെ നീക്കം. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചപ്പോൾ സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചതാണ് ബി.ജെ.പി ആയുധമാക്കുന്നത്. കോൺഗ്രസ് ദേശീയഗീതത്തെ അപമാനിച്ചു എന്നാണ് ബിജെപി ആരോപണം.സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ഇന്നലെ എ.എ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. അതിനിടെ സേവാദൾ വളന്റിയർ വന്ദേമാതരം പൂർണമായും ആലപിച്ചു. ഇത് തടയാൻ സോണിയയുടെയും മല്ലുകാർജൻ ഖാർഗെയുടെയും ഭാഗത്തുനിന്ന് ചെറിയ ശ്രമം ഉണ്ടായിരുന്നു. സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടമാക്കിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇത് വിവാദമായതോടെ തിരുത്തുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. സോണിയാ ഗാന്ധി കസേര ചോദിക്കുകയാണ് ചെയ്തതെന്നും അല്ലാതെ അസ്വസ്ഥത പ്രകടമാക്കിയതല്ല എന്നുമായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പ്രതികരിച്ചത്. എന്നാൽ, ഇ​തെല്ലാം പൂർണമായും തള്ളിയ ബി.ജെ.പി, വന്ദേമാതരം നിയമം പാസായ സാഹചര്യത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമ നടപടി എടുക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

വന്ദേമാതരാലാപനം സോണിയാ ഗാന്ധി തടഞ്ഞെന്ന പേരിൽ കേസിൽ അകപ്പെടുത്തുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. കോൺഗ്രസിന്റെ നിയമ വിഭാഗം മേധാവിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‍വിയുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. കേസ് വരികയാണെങ്കിൽ എങ്ങനെ നേരിടണം എന്നതി​നെ കുറിച്ച് ആ​ലോചിക്കാനാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം.വിഷയത്തിൽ സോണിയക്കെതിരെ ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിൽ ബിജെപി സൈബർ സെൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിക്കുന്ന സമീപനമാണ് സോണിയാ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന പ്രചാരണമാണ് ബി.ജെ.പി ഹാൻഡിലുകൾ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിൽ നടത്തുന്നത്. സോണിയാ ഗാന്ധിയുടെ ദൃശ്യങ്ങളും രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളും ചെറിയ ക്ലിപ്പുകളായി പോസ്റ്റ് ചെയ്താണ് പ്രചാരണം. സോണിയ ഗാന്ധി മാപ്പുപറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നുമാണ് ബി.ജെ.പിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഒരു തരത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments