Wednesday, October 7, 2026
HomeNewsമാങ്കൂട്ടത്തിനെതിരെ സമരങ്ങൾക്ക് നേതൃത്വം കൊടുത്തയാൾ; പെൺവിഷയത്തിൽ മോശക്കാരനാവില്ല: ഇ.എൻ. സുരേഷ് ബാബുവിനെതിരെ ആരോപണവുമായി ...

മാങ്കൂട്ടത്തിനെതിരെ സമരങ്ങൾക്ക് നേതൃത്വം കൊടുത്തയാൾ; പെൺവിഷയത്തിൽ മോശക്കാരനാവില്ല: ഇ.എൻ. സുരേഷ് ബാബുവിനെതിരെ ആരോപണവുമായി കെ. മുരളീധരൻ

തിരുവനന്തപുരം : സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിനെതിരെ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സുരേഷ് ബാബുവും ഈ കാര്യത്തിൽ ഒട്ടും മോശക്കാരനല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്ന് അദ്ദേഹം പറഞ്ഞു.‘രാഹുൽ മാങ്കൂട്ടത്തിനെതിരായിട്ടുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണ്. അദ്ദേഹവും ഈ കാര്യത്തിൽ ഒട്ടും മോശക്കാരനല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത്തരക്കാരെ ആരും വെച്ചുപൊറുപ്പിക്കരുത്.

കോൺഗ്രസിന്റെ ഒരു എം.എൽ.എക്കെതിരായി പരാതി വന്നപ്പോൾ ഞങ്ങൾ മുഖം നോക്കാതെ നടപടി സ്വീകരിച്ചു. അത് എല്ലാ പാർട്ടികളും ചെയ്യേണ്ട കാര്യമാണ്. രാഷ്ട്രീയ രംഗം സംശുദ്ധമായിരിക്കണം. അതിന് വിഘാതമായി നിൽക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഞങ്ങൾ അതിനെ ഈ രീതിയിലേ കാണുന്നുള്ളൂ’ -അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ ഒക്കെ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. അത് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാർട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഒന്നും ഒരു കാരണവശാലും സർക്കാരിന്റെ പ്രവർത്തനങ്ങളെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ആശുപത്രികളിൽ എല്ലാ മരുന്നുകളും വാങ്ങി സ്റ്റോക്ക് ചെയ്യാൻ നിർദേശം കൊടുത്തതായും മന്ത്രി പറഞ്ഞു. അത്യാവശ്യം ഇനി ഏതെങ്കിലും മരുന്നുകൾ സ്റ്റോക്ക് ഇല്ലെങ്കിൽ എച്ച്.എം.സിക്കോ എച്ച്.ഡി.എസ്സിനോ അത് നേരിട്ട് പർച്ചേസ് ചെയ്യാവുന്നതാണ്.

അതിനിടെ, സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികളാണ് നേതൃത്വം പരിഗണിക്കുന്നത്. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments