ചെങ്കടലിൽ യുഎസ് നാവികസേനയുടെ എംഎച്ച്-60ആർ ഹെലികോപ്റ്റർ അടിയന്തരസാഹചര്യം അറിയിച്ചതിന് പിന്നാലെ തകർന്നുവീണെന്ന ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). ഹെലികോപ്റ്റർ തകർന്നെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും മധ്യപൂർവ മേഖലയിലെ എല്ലാ യുഎസ് സൈനിക വിമാനങ്ങളും സൈനികരും സുരക്ഷിതരാണെന്നും സെൻട്രം വ്യക്തമാക്കി. ഒക്ടോബർ ആറിന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സെൻട്രം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് നാവികസേനയുടെ എംഎച്ച്-60ആർ ഹെലികോപ്റ്റർ കഴിഞ്ഞ രാത്രി അടിയന്തരസാഹചര്യം പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടലിൽ തകർന്നെന്ന വ്യാജവാർത്തകൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സെൻട്രം ആരോപിച്ചു.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ആദ്യം റിപ്പോർട്ട് പുറത്തുവിട്ടത്. ചെങ്കടലിന് മുകളിലൂടെ പറന്നിരുന്ന യുഎസ് നാവിക വിമാനത്തിൽ 7700 എന്ന ‘സ്ക്വാക്ക് കോഡ്’ രേഖപ്പെടുത്തിയതായി ഇവർ റിപ്പോർട്ട് ചെയ്തു. പൊതുവായ അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡാണ് 7700. അടിയന്തര കോഡ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് നാവികസേനയുടെ എംഎച്ച്-60ആർ ഹെലികോപ്റ്റർ ചെങ്കടലിൽ തകർന്നുവീണെന്നായിരുന്നു ഐആർഐബിയുടെ റിപ്പോർട്ട്. ഹെലികോപ്റ്റർ ഏകദേശം 475 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് അടിയന്തരസൂചന നൽകിയതെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്തിന്റെ രേഖപ്പെടുത്തിയ ഉയരം പൂജ്യമായി താഴുകയും ട്രാക്കിങ് സംവിധാനത്തിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ യുഎസ് നാവിക ഹെലികോപ്റ്റർ ചെങ്കടലിൽ തകർന്നിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മധ്യപൂർവ മേഖലയിലെ എല്ലാ യുഎസ് സൈനിക വിമാനങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കമാൻഡ് അറിയിച്ചു. അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നെന്ന റിപ്പോർട്ട് പുറത്തുവന്നത്. യുദ്ധത്തിനിടെ യുഎസ് സൈനിക വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഹെലികോപ്റ്ററുകൾക്കും നഷ്ടമുണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എഫ്-35എ ലൈറ്റ്നിങ് II, എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ നഷ്ടം യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 45 എംക്യു-9 റീപ്പർ ഡ്രോണുകളും സംഘർഷത്തിനിടെ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അത് ‘നല്ല രീതിയിലാണോ’ അല്ലെങ്കിൽ ‘അത്ര നല്ല രീതിയിലല്ലാതെയാണോ’ അവസാനിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ഫലമെന്നും ട്രംപ് പറഞ്ഞു.മേരിലാൻഡിൽ സംസാരിക്കവെയാണ് ഇറാനെതിരെ യുഎസ് ‘വളരെ മികച്ച രീതിയിലാണ്’ മുന്നേറുന്നതെന്ന് ട്രംപ് അവകാശപ്പെട്ടത്. ഒരിക്കൽ മധ്യപൂർവദേശത്തെ ‘ശല്യക്കാരൻ’ ആയിരുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ കഴിയില്ലെന്ന് ആവർത്തിച്ച ട്രംപ്, ഇറാനെ ആണവായുധത്തിൽനിന്ന് അകറ്റിനിർത്തുന്നതിൽ യുഎസ് നാവികസേന പ്രധാന പങ്കുവഹിക്കുകയാണെന്നും വ്യക്തമാക്കി.

