Wednesday, August 5, 2026
HomeAmericaഗ്രീൻ കാർഡ് ഉടമകൾ വീണ്ടും പ്രതിസന്ധിയിലേക്ക്: യുഎസ് പൗരത്വം വേണമെങ്കിൽ പരീക്ഷകൾ പാസ് ആവണം

ഗ്രീൻ കാർഡ് ഉടമകൾ വീണ്ടും പ്രതിസന്ധിയിലേക്ക്: യുഎസ് പൗരത്വം വേണമെങ്കിൽ പരീക്ഷകൾ പാസ് ആവണം

വാഷിംഗ്ടൺ : സ്ഥിരതാമസക്കാർക്ക് (ഗ്രീൻ കാർഡ് ഉടമകൾ) യുഎസ് പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിലും പരീക്ഷാ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. പൗരത്വം നേടുന്നതിനായി പുതിയ വിദ്യാഭ്യാസ യോഗ്യതകൾ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ടു.

നിലവിലുള്ള പരീക്ഷാ രീതിയുടെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. കൂടാതെ, നിലവിൽ യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന പരീക്ഷകൾ, ഭാവിയിൽ ഏജൻസികൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് കൈമാറുന്നതിനുള്ള ഇളവുകളും പുതിയ നിർദ്ദേശത്തിലുണ്ട്.

നിലവിലെ നിയമപ്രകാരം യുഎസ് പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ഒന്നും തന്നെ നിഷ്കർഷിക്കുന്നില്ല. സാധാരണ ഉപയോഗത്തിലുള്ള ഇംഗ്ലീഷ് വാക്കുകൾ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, യുഎസ് ചരിത്രത്തെയും ഭരണസംവിധാനത്തെയും കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ മാത്രമാണ് നിലവിൽ പരിശോധിക്കുന്നത്. എന്നാൽ ഈ ആവശ്യകതകൾ എങ്ങനെ പൂർത്തിയാക്കണം എന്നതിൽ കൃത്യമായ ചട്ടക്കൂടുകൾ ഇല്ലെന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.

പുതിയ മാറ്റങ്ങൾ നിയമപരമായ കുടിയേറ്റക്കാരെ അമേരിക്കൻ സംസ്കാരവുമായി കൂടുതൽ വേഗത്തിൽ ലയിക്കാൻ സഹായിക്കുമെന്നും, രാജ്യത്തിൻ്റെ ഭരണഘടനയോടും നിയമങ്ങളോടുമുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് ഒരു ഏകീകൃത ‘അമേരിക്കൻ വ്യക്തിത്വം’ വളർത്തിയെടുക്കാൻ കാരണമാകുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.18 വയസ്സ് പൂർത്തിയായ, കുറഞ്ഞത് 5 വർഷമെങ്കിലും ഗ്രീൻ കാർഡോടെ യുഎസിൽ താമസിച്ചവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. (യുഎസ് പൗരന്മാരെ വിവാഹം കഴിച്ചവർക്ക് ഇത് 3 വർഷമാണ്). ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്ന ടെസ്റ്റും, യുഎസ് ചരിത്രത്തെക്കുറിച്ചുള്ള സിവിക്സ് ടെസ്റ്റും അടങ്ങുന്നതാണ് നിലവിലെ പരീക്ഷ. ഇമിഗ്രേഷൻ ഉദ്യോഗസ്ഥനുമായി നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൻ്റെ ഭാഗമായാണ് നിലവിൽ ഈ പരിശോധനകൾ നടക്കുന്നത്.

അതേസമയം, പുതിയ മാറ്റങ്ങൾ പൗരത്വ പ്രക്രിയയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതൊരു പ്രാഥമിക നിർദ്ദേശം മാത്രമാണെന്നും, ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുന്നതുവരെ വിശദാംശങ്ങൾ ലഭ്യമാകില്ലെന്നും പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ഗബ്രിയേല വാൽഷ് വ്യക്തമാക്കി.വിസ മാനദണ്ഡങ്ങളിലും അതിർത്തി സുരക്ഷയിലും മാത്രമല്ല, പണ്ടുമുതലേ നിലനിൽക്കുന്ന പൗരത്വ നടപടികളിലും ഭരണകൂടം വലിയ മാറ്റങ്ങൾക്ക് തുനിയുന്നു എന്നതിൻ്റെ സൂചനയാണിതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള തുടർ നടപടികൾ ഇമിഗ്രേഷൻ രംഗത്തുള്ളവർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments