Tuesday, August 4, 2026
HomeAmericaട്രംപിന്റെ ഇറക്കുമതി തീരുവകൾക്കെതിരെ അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയിലേക്ക്

ട്രംപിന്റെ ഇറക്കുമതി തീരുവകൾക്കെതിരെ അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയിലേക്ക്

വാഷിംഗ്ടൺ : പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവകൾക്കെതിരെ അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചു. തീരുവ ചുമത്തുന്നതിൽ ട്രംപ് ഭരണകൂടം നിയമപരമായ അധികാരം ദുരുപയോഗം ചെയ്തെന്നാണ് ഹർജിയിലെ ആരോപണം. 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301പ്രകാരം 60 രാജ്യങ്ങൾക്കും സാമ്പത്തിക മേഖലകൾക്കും 10 മുതൽ 12.5 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നു.

കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ടയുടെ നേതൃത്വത്തിലാണ് കേസ് ഫയൽ ചെയ്തത്. അമേരിക്കൻ കുടുംബങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും ജീവിതച്ചെലവ് വർധിപ്പിക്കുന്ന നിയമവിരുദ്ധ തീരുവ ചുമത്താനുള്ള ട്രംപിന്റെ മൂന്നാമത്തെ ശ്രമമാണിത്. അധികാര ദുരുപയോഗത്തിനെതിരെ മൂന്നാം തവണയാണ് കോടതിയെ സമീപിക്കുന്നതെന്നും ബോണ്ട പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പുതിയ തീരുവകൾ നിയമപരമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും യു.എസ്. വ്യാപാര താൽപര്യങ്ങളും തൊഴിലാളികളെയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു.

എന്നാൽ, നിർബന്ധിത തൊഴിൽ തടയുകയല്ല പുതിയ തീരുവയുടെ യഥാർഥ ലക്ഷ്യമെന്നും, ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയ തീരുവകൾക്ക് പകരം പുതിയ നികുതി ഏർപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു. കൂടാതെ, തീരുവ നിശ്ചയിക്കാൻ യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസിന്റെ അന്വേഷണം തിടുക്കത്തിലും മതിയായ പരിശോധനയില്ലാതെയുമാണ് നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കാലിഫോർണിയയ്‌ക്കൊപ്പം അരിസോണ, കൊളറാഡോ, കണക്ടിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയി, കെന്റക്കി, മസാച്യുസെറ്റ്സ്, മേരിലാൻഡ്, മെയ്ൻ, മിഷിഗൺ, മിന്നസോട്ട, നെവാഡ, ന്യൂജഴ്‌സി, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒറിഗൺ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, വെർജീനിയ, വെർമോണ്ട്, വാഷിങ്ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളും കേസിൽ പങ്കാളികളാണ്.

ഫിച്ച് റേറ്റിങ്സിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം അമേരിക്കയുടെ ഫലപ്രദമായ ശരാശരി തീരുവ നിരക്ക് 9.4 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, അമേരിക്കൻ നിർമ്മാണ മേഖല ശക്തിപ്പെടുത്താനും വ്യാപാരക്കമ്മി കുറയ്ക്കാനും ഫെഡറൽ വരുമാനം വർധിപ്പിക്കാനുമുള്ള പ്രധാന ഉപാധിയായാണ് തീരുവകളെ ട്രംപ് ഭരണകൂടം ഇപ്പോഴും കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments