മിഷിഗൺ : സ്വന്തം സാമ്പത്തിക നയങ്ങൾ, പ്രത്യേകിച്ച് വാഹന മേഖലയെ പ്രതികൂലമായി ബാധിച്ച താരിഫുകൾ, അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മിൽഫോർഡിലെ ജനറൽ മോട്ടോഴ്‌സ് പ്ലാൻ്റിൽ സംസാരിക്കവെ, തൻ്റെ “ചരിത്രപരമായ” താരിഫുകൾ വാഹന വ്യവസായത്തിന് പുനരുജ്ജീവനം നൽകുകയാണെന്നും വിദേശത്തുള്ള കമ്പനികളെ അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാൻ പ്രേരിപ്പിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
വരുന്ന നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികൾ സജീവമാക്കുന്നതിൻ്റെ ഭാഗമായാണ് ട്രംപിൻ്റെ ഈ സന്ദർശനം. എന്നാൽ ട്രംപിൻ്റെ അവകാശവാദങ്ങൾക്ക് വിപരീതമായി മിഷിഗണിലെ തൊഴിൽ വളർച്ച മന്ദഗതിയിലാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് നിലവിൽ മിഷിഗൺ.അമേരിക്കയിലേക്ക് കൊണ്ടുവരുന്ന വിദേശ ഉൽപ്പന്നങ്ങൾക്ക് കമ്പനികൾ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതിയാണ് താരിഫുകൾ. മിഷിഗണിൻ്റെ സമ്പദ്‌വ്യവസ്ഥ അയൽരാജ്യമായ കാനഡയെ വളരെയധികം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. യുഎസ് എംസിഎ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ വരാത്തതും കാനഡയിൽ അസംബിൾ ചെയ്യുന്നതുമായ വാഹന ഭാഗങ്ങൾക്ക് നിലവിൽ 25% നികുതിയുണ്ട്. വരും ഓഗസ്റ്റിൽ ഇത് 50% ആയി ഉയർത്താനാണ് അമേരിക്കയുടെ തീരുമാനം. ഇതിന് മറുപടിയായി കാനഡയും യുഎസ് വാഹന ഭാഗങ്ങൾക്ക് മേൽ 25% താരിഫ് ചുമത്തിയിട്ടുണ്ട്.
“നിയമം വളരെ ലളിതമാണ്: അമേരിക്കയ്ക്ക് പുറത്ത് ട്രക്കുകളോ കാറുകളോ നിർമ്മിച്ച് ഇവിടെ വിറ്റ് ലാഭമുണ്ടാക്കണമെങ്കിൽ നിങ്ങൾ നികുതി നൽകണം. എന്നാൽ മിഷിഗണിലോ അമേരിക്കയിൽ എവിടെയെങ്കിലുമോ പ്ലാൻ്റ് സ്ഥാപിച്ച് ഇവിടെത്തന്നെ വാഹനങ്ങൾ നിർമ്മിച്ചാൽ നിങ്ങൾക്ക് യാതൊരു നികുതിയും നേരിടേണ്ടി വരില്ല,” ട്രംപ് വ്യക്തമാക്കി.
തൻ്റെ നയങ്ങൾ വിജയമാണെന്ന് കാണിക്കാൻ ജനറൽ മോട്ടോഴ്‌സ് അമേരിക്കയിൽ നടത്തുന്ന 6 ബില്യൺ ഡോളറിൻ്റെ നിക്ഷേപവും ഫോർഡ്, സ്റ്റെല്ലാൻ്റിസ് തുടങ്ങിയ കമ്പനികളുടെ ചെറുകിട നിക്ഷേപങ്ങളും വൈറ്റ് ഹൗസ് ചൂണ്ടിക്കാണിച്ചു.താരിഫുകൾക്ക് പുറമെ പണപ്പെരുപ്പവും ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവും മിഷിഗണിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ മിഷിഗണിൽ വെറും 500 തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. മേയിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി ഉയർന്നു.
ഡെട്രോയിറ്റിനെയും വിൻഡ്സറെയും ബന്ധിപ്പിക്കുന്ന പുതിയ ‘ഗോർഡി ഹൗ ഇൻ്റർനാഷണൽ ബ്രിഡ്ജ്’ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു ട്രംപിൻ്റെ മിഷിഗൺ സന്ദർശനം. ഈ പാലത്തിലൂടെ വാഹന ഭാഗങ്ങളുമായി ആദ്യ വാണിജ്യ ട്രക്ക് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപ് തൊഴിലാളികളെ അഭിസംബോധന ചെയ്തത്.

