Monday, July 27, 2026
HomeAmericaകൈരളി ഓഫ് ബാൾട്ടിമോർ അംഗങ്ങളുടെ "ഓർമ" സ്‌നേഹസംഗമം ഹൃദ്യമായി

കൈരളി ഓഫ് ബാൾട്ടിമോർ അംഗങ്ങളുടെ “ഓർമ” സ്‌നേഹസംഗമം ഹൃദ്യമായി

ബാൾട്ടിമോർ: കൈരളി ഓഫ് ബാൾട്ടിമോർ (KOB) 50 വയസ്സിനു മുകളിലുള്ള അംഗങ്ങൾക്കായി ആദ്യമായി സംഘടിപ്പിച്ച “ഓർമ്മകൾ” എന്ന പ്രത്യേക സംഗമം ഹൃദ്യമായി. മേരിലാൻഡിലെ ഡണ്ടോക്കിലുള്ള പ്രകൃതിരമണീയമായ ചെസ്റ്റർവുഡ് പിക്‌നിക് ഗ്രൗണ്ടിൽ നടന്ന പരിപാടി, മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ അന്തരീക്ഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി. ജീവിതാനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുകയും, പഴയ ബന്ധങ്ങൾ പുതുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്ക് തുടക്കം കുറിച്ച് ഡോ. മധു നമ്പ്യാർ സ്വാഗതം ആശംസിക്കുകയും “ഓർമ്മകൾ” എന്ന ആശയത്തിന്റെ ലക്ഷ്യം വിശദീകരിക്കുകയും ചെയ്തു. ജീവിതയാത്രയിൽ ഓരോരുത്തരും നേരിട്ട പ്രതിസന്ധികളും വിജയങ്ങളും സന്തോഷങ്ങളും, മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളും പരസ്പരം പങ്കുവെക്കാനുള്ള ഒരു വേദിയാണ് ഈ സംഗമമെന്ന് അദ്ദേഹം പറഞ്ഞു. അനുഭവങ്ങൾ പങ്കിടുമ്പോൾ അത് അടുത്ത തലമുറയ്ക്കും സമൂഹത്തിനും പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


തുടർന്ന് കൈരളി ഓഫ് ബാൾട്ടിമോറിന്റെ മുതിർന്ന നേതാവായ ജേക്കബ് പൗലോസ് ആശംസകൾ നേർന്ന്, ഓരോ വ്യക്തിയുടെയും ജീവിതകഥ മറ്റുള്ളവർക്ക് പ്രചോദനമാണെന്നും, ഇത്തരം കൂട്ടായ്മകൾ സമൂഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

പരിപാടിയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗമായിരുന്നു ജീവിതാനുഭവങ്ങൾ പങ്കുവെച്ച സെഷൻ. ഓരോ അംഗവും തങ്ങളുടെ ജീവിതത്തിലെ ഉയർച്ച-താഴ്ചകളും, വിദേശരാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ നേരിട്ട വെല്ലുവിളികളും, കുടുംബത്തിനായി നടത്തിയ ത്യാഗങ്ങളും, വിജയങ്ങളും തുറന്നു പറഞ്ഞു. പലരും തങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും നേട്ടങ്ങൾ അഭിമാനത്തോടെ പങ്കുവെച്ചു.
ചില അനുഭവങ്ങൾ ചിരിപ്പിച്ചപ്പോൾ, ചിലത് കണ്ണുനിറയിച്ചു. ഓരോ ജീവിതകഥയും ധൈര്യത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും വിജയത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളായിരുന്നു. പരിപാടിയുടെ അവസാനം പലരും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുകയും, പഴയ സുഹൃത്തുക്കളുമായി വീണ്ടും ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തു.

കൈരളി ഓഫ് ബാൾട്ടിമോറിന്റെ മുൻ പ്രസിഡന്റുമാരായ ജോർജ് പറനിലം, ജോയ് കൂടാലി, ജോൺസൺ കടംകുളത്തിൽ, ജിജോ ആലപ്പാട്ട്,വിജയ് പട്ടമ്മാടി, ഷാംസ് നാസാർ, സബീന നാസർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ പിന്തുണയും സാന്നിധ്യവും നൽകി.
കൈരളി ഓഫ് ബാൾട്ടിമോറിന്റെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ . ജോർജ് പറനിലം കൈരളിയുടെ രൂപീകരണ കാലഘട്ടത്തെക്കുറിച്ചും സംഘടനയുടെ വളർച്ചയുടെ പിന്നിലെ കഠിനാധ്വാനത്തെയും വെല്ലുവിളികളെയും കുറിച്ചും തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. സംഘടനയുടെ ആദ്യകാലങ്ങളിൽ പ്രവർത്തകരെ കണ്ടെത്തുന്നതിലും കമ്മിറ്റി രൂപീകരിക്കുന്നതിലും നേരിട്ട ബുദ്ധിമുട്ടുകളും, പല ഘട്ടങ്ങളിലും സംഘടന ഒരു നിർണായക പ്രതിസന്ധിയിലൂടെ കടന്നുപോയ സാഹചര്യങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ കൂട്ടായ പരിശ്രമവും ആത്മാർത്ഥമായ നേതൃത്വവും അംഗങ്ങളുടെ പിന്തുണയും കൊണ്ട് ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കൈരളി ഓഫ് ബാൾട്ടിമോർ ഇന്ന് ശക്തമായ ഒരു സമൂഹസംഘടനയായി വളർന്നതിന്റെ യാത്രയും അദ്ദേഹം വിശദീകരിച്ചു.
ആദ്യകാല പ്രവർത്തകരുടെ ത്യാഗങ്ങളും സമർപ്പണവും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസം രുചികരമായ പ്രഭാതഭക്ഷണത്തോടെയായിരുന്നു ആരംഭിച്ചത്. പുതുതായി തയ്യാറാക്കിയ എഗ് ഓംലറ്റും വിവിധ പ്രഭാതവിഭവങ്ങളും പങ്കെടുത്തവരെ ഏറെ സന്തോഷിപ്പിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചു. ഭക്ഷണവേളയും പരസ്പര സൗഹൃദവും അനുഭവങ്ങൾ പങ്കുവെക്കാനുള്ള മറ്റൊരു മനോഹര അവസരമായി മാറി.
കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് ലെൻജി ജേക്കബ് പരിപാടിയുടെ വിജയത്തിനായി രജിസ്ട്രേഷൻ, ഭക്ഷണ ക്രമീകരണം, അതിഥിസൽക്കാരം, വേദി ഒരുക്കൽ, വിവിധ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയിൽ പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിന്റെ പിന്നിൽ പങ്കെടുത്ത ഓരോ അംഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഓർമ്മയും പങ്കുവെച്ചപ്പോൾ അത് ഒരു തലമുറയുടെ അനുഭവവും, ജീവിതപാഠവും, സമൂഹത്തിനുള്ള സന്ദേശവുമായിരുന്നു.


ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഭാപ്രകടനം പരിപാടിക്ക് കൂടുതൽ നിറം പകർന്നു. ഗാനാലാപനം, നൃത്തം, കവിതാ ചൊല്ലൽ, കഥപറച്ചിൽ, ഹാസ്യാവതരണങ്ങൾ തുടങ്ങി നിരവധി കലാപരിപാടികളിലൂടെ അംഗങ്ങൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചു. പ്രായം വെറും അക്കമാത്രമാണെന്നും, കഴിവിനും ആവേശത്തിനും പ്രായം ഒരു തടസ്സമല്ലെന്നും ഓരോ അവതരണവും തെളിയിച്ചു.


ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) ഭാരവാഹികളായ വേണുഗോപാൽ കൊക്കോടനും ഷിനോയും തങ്ങളുടെ ജീവിതയാത്ര ചുരുക്കമായി പങ്കുവെച്ചതിനൊപ്പം, സെപ്റ്റംബർ 25, 26, 27 തീയതികളിൽ വിർജീനിയയിൽ നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സാഹിത്യസംഗമത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഈ മഹത്തായ സാഹിത്യ-സാംസ്കാരിക പരിപാടിയിൽ എല്ലാവരും കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്നും, പരിപാടിക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുകയും ചെയ്തു.
കൈരളി ഓഫ് ബാൾട്ടിമോർ ആദ്യമായി സംഘടിപ്പിച്ച ഈ പരിപാടി എല്ലാ പങ്കെടുത്തവരുടെയും ഹൃദയം കീഴടക്കി. ഇത്തരം പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കണമെന്ന ശക്തമായ അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചത്. സീനിയർ അംഗങ്ങളുടെ അനുഭവസമ്പത്ത് ആദരിക്കുകയും, സമൂഹബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്ന കൈരളി ഓഫ് ബാൾട്ടിമോറിന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായിരുന്നു “ഓർമ്മകൾ”.
കൈരളി ഓഫ് ബാൾട്ടിമോറിന്റെ വൈസ് പ്രസിഡന്റ് ബിജോ വിതയത്തിൽ ഹൃദയസ്പർശിയായ നന്ദിപ്രസംഗം നടത്തി. ഈ പരിപാടിയെ വൻ വിജയമാക്കിയ എല്ലാ അംഗങ്ങൾക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും, വിജയങ്ങളും വെല്ലുവിളികളും മനസുതുറന്ന് പങ്കുവെച്ച ഓരോ അംഗത്തിന്റെയും അനുഭവങ്ങൾ എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിക്കാവശ്യമായ ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റവും സാങ്കേതിക സഹായവും ഒരുക്കിയ നസാറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഈ ആദ്യ “ഓർമ്മകൾ” പരിപാടിയുടെ അതുല്യവിജയം, കൈരളി ഓഫ് ബാൾട്ടിമോറിന്റെ ഏറ്റവും ശ്രദ്ധേയമായ വാർഷിക പരിപാടികളിലൊന്നായി ഇതിനെ മാറ്റുമെന്ന ആത്മവിശ്വാസം എല്ലാവരും പങ്കുവെച്ചു.
പരിപാടിയുടെ അവസാനം പരസ്പരം ആശംസകളും സ്നേഹാലിംഗനങ്ങളും കൈമാറി, വീണ്ടും കണ്ടുമുട്ടാമെന്ന പ്രത്യാശയോടെ എല്ലാവരും മടങ്ങി.


ഡോ. മധു നമ്പ്യാർക്ക് ഈ പരിപാടിയുടെ ആശയം മുന്നോട്ടുവെക്കുകയും, ആസൂത്രണം ചെയ്ത് വിജയകരമായി ഏകോപിപ്പിക്കുകയും ചെയ്തതിനായി പ്രത്യേക നന്ദി അറിയിച്ചു. ഓരോ അംഗത്തിനും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കാനുള്ള മനോഹരമായ വേദി ഒരുക്കിയ അദ്ദേഹത്തിന്റെ നേതൃത്വത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments