Sunday, July 26, 2026
HomeNews50 % അധിക തീരുവയിൽ ഇന്ത്യക്ക് ആശ്വാസം: ഇന്ത്യ–യു.എസ് വ്യാപാര കരാർ ഉടനെന്ന് കേന്ദ്ര...

50 % അധിക തീരുവയിൽ ഇന്ത്യക്ക് ആശ്വാസം: ഇന്ത്യ–യു.എസ് വ്യാപാര കരാർ ഉടനെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം

ഇന്ത്യയും അമേരിക്കയും തമ്മിൽ ആസൂത്രണം ചെയ്ത നിർണായക ഉഭയകക്ഷി വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കാനും നടപ്പിലാക്കാനും ഇരു രാജ്യങ്ങളും സംയുക്തമായി ശ്രമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഇന്ത്യ നടത്തിയ നിരന്തരമായ ചർച്ചകളുടെ ഫലമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ താരിഫ് നിരക്ക് ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.

1974-ലെ യു.എസ് ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരം നിർബന്ധിത തൊഴിൽ നിരോധനവുമായി ബന്ധപ്പെട്ട നയങ്ങളും രീതികളും പരിശോധിച്ച് ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക താരിഫ് പ്രഖ്യാപിച്ചിരുന്നു. ആരംഭത്തിൽ ഇന്ത്യക്ക് 12.5 ശതമാനം തീരുവ ചുമത്താനായിരുന്നു അമേരിക്ക ഉദ്ദേശിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് അത് 10 ശതമാനമായി കുറച്ചു.

ഇന്ത്യൻ കേന്ദ്ര സർക്കാർ വിശദമായ രേഖാമൂലമുള്ള നിവേദനങ്ങളും നേരിട്ടുള്ള ചർച്ചകളും പബ്ലിക് ഹിയറിങുകളിലെ പങ്കാളിത്തവും വഴി യു.എസ് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയായിരുന്നു. ഇതിന്റെ ഫലമായാണ് അന്തിമ നടപടികളിൽ ഇന്ത്യയെ കുറഞ്ഞ താരിഫ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് വിപണിയിൽ ഇന്ത്യക്ക് കൂടുതൽ മത്സരക്ഷമത നൽകും.

അമേരിക്കൻ നീക്കത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 45 ശതമാനവും ഈ പുതിയ 10 ശതമാനം അധിക തീരുവയുടെ പരിധിയിൽ വരില്ല എന്നതാണ്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ജനറിക് മരുന്നുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയവക്ക് ഈ പുതിയ താരിഫ് ബാധകമല്ല.കൂടാതെ സെക്ഷൻ 232 പ്രകാരം നേരത്തെ തന്നെ താരിഫ് നിശ്ചയിച്ചിട്ടുള്ള സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ അനുബന്ധ ഭാഗങ്ങൾ എന്നിവയെയും ഈ പുതിയ 10% അധിക താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി വരുന്ന 55% കയറ്റുമതിയിൽ മാത്രമേ ഈ 10% അധിക നികുതി ബാധകമാകൂ.

ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കൻ കോട്ടൺ ഉപയോഗിച്ചുള്ള തുണിത്തരങ്ങൾക്ക് നൽകുന്ന പ്രത്യേക ടെക്സ്റ്റൈൽ മെക്കാനിസം ഇതുവരെ പൂർണമായി നടപ്പിലാക്കിയിട്ടില്ല. ഈ വിഷയത്തിലും ഇന്ത്യ തുടർചർച്ചകൾ നടത്തിവരികയാണ്. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments