Saturday, July 25, 2026
HomeAmericaഇറാനെതിരെ സൈനികാക്രമണ നീക്കങ്ങൾക്ക് തീരുമാനമായിട്ടില്ല; ചർച്ചകളിൽ പ്രതീക്ഷയെന്ന് ട്രംപ്

ഇറാനെതിരെ സൈനികാക്രമണ നീക്കങ്ങൾക്ക് തീരുമാനമായിട്ടില്ല; ചർച്ചകളിൽ പ്രതീക്ഷയെന്ന് ട്രംപ്

വാഷിങ്ടൺ: യു.എസുമായുള്ള ചർച്ചകളിൽ ഇറാൻ കൂടുതൽ ഗൗരവം കാണിച്ചുതുടങ്ങിയതുകൊണ്ട് വലിയ തോതിലുള്ള സൈനികാക്രമണങ്ങൾ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.ഇറാനെതിരെ വലിയൊരു സൈനിക നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം. ആക്രമണ​ത്തെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയോ എന്ന ചോദ്യത്തിന് ‘നോക്കൂ, ഞങ്ങൾ ഇപ്പോൾ അവരുമായി സംസാരിക്കുന്നുണ്ട്. ദിവസങ്ങൾ കടന്നുപോകുന്തോറും അവർ കൂടുതൽ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർക്ക് ഒരിക്കലും ആണവായുധം ഉണ്ടാകാൻ പാടില്ല’- ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈനിക നടപടി ഇറാനിയൻ സേനയെ ഗുരുതരമായി ദുർബലപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു. ‘ഞങ്ങൾ ഇറാനെ വളരെ ശക്തമായി ആക്രമിച്ചിട്ടുണ്ട്. അവരുടെ നാവികസേനയും വ്യോമസേനയും തകർക്കപ്പെട്ടു. ഇറാ​ന്റെ 250-ഓളം ജെറ്റ് വിമാനങ്ങളും 159 ബോത്തുകളും കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് എടുത്തുപറഞ്ഞു.ഇതിനിടെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച എണ്ണ ടാങ്കർ കപ്പലിന് നേരെ യു.എസ്. സൈന്യം വെടിയുതിർത്തു. യു.എസ്. ഉപരോധം ലംഘിക്കാൻ കപ്പൽ നാല് തവണയെങ്കിലും ശ്രമിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ജീവനക്കാർ അനുസരിക്കാത്തതിനെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് യു.എസ്. സേന വെടിയുതിർത്ത് കപ്പൽ നിർജ്ജീവമാക്കുകയായിരുന്നുവെന്നും, നിലവിൽ കപ്പൽ ഇറാനിലേക്കുള്ള യാത്രയിലല്ലെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.

നിലവിൽ രണ്ടാഴ്ചയായി തുടരുന്ന യു.എസ്. ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ തകിടം മറിച്ചിരിക്കുകയാണ്. കരാറിലെത്തുകയോ അതല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ആക്രമണങ്ങളെ നേരിടുകയോ ചെയ്യുക എന്ന രണ്ട് വഴികളാണ് ഇറാനു മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിർണായകമായ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിൽ നിന്ന് ഇറാനെ തടയാനാണ് തങ്ങൾ ഈ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് അമേരിക്കയുടെ വാദം.

‘ഞങ്ങൾ പൂർണ സജ്ജരായി നിൽക്കുകയാണ്. എങ്കിലും ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തുന്നുണ്ട്, അതിനാൽ ചർച്ചകൾ എങ്ങോട്ടെത്തുമെന്ന് നമുക്ക് നോക്കാം. അവർ വളരെ ഗൗരവത്തോടെയാണ് ഇരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു,’- ട്രംപ് പറഞ്ഞു. അതേസമയം നാലോ അഞ്ചോ ആഴ്ചകൊണ്ട് അവസാനിക്കുമെന്ന് ട്രംപ് പ്രവചിച്ചിരുന്ന യുദ്ധം ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇത് വലിയ രാഷ്ട്രീയ സമ്മർദമാണ് ഉണ്ടാക്കുന്നത്.

അതേസമയം, യു.എസ്. സൈന്യത്തെ ലക്ഷ്യമിടാൻ റഷ്യയും ചൈനയും ഇറാനു രഹസ്യവിവരങ്ങൾ നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾ ട്രംപ് തള്ളി. പ്രസിഡന്റ് ഷീ ജിൻപിങ്ങും വ്ലാദിമിർ പുടിനും തന്നെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ, ഈ രാജ്യങ്ങൾ ഏതെങ്കിലും വിധത്തിൽ ഇറാനുമായി ചേർന്ന് യുദ്ധത്തിൽ ഇടപെടുകയോ ആയുധങ്ങൾ നൽകുകയോ ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ട്രംപ് കർശന മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments