Saturday, July 25, 2026
HomeNewsദളപതി വിജയുടെ 'ജനനായകൻ' ക്ലിക്ക് ആയോ?: ആരാധക അഭിപ്രായങ്ങളും, കണ്ടെത്തലുകളും

ദളപതി വിജയുടെ ‘ജനനായകൻ’ ക്ലിക്ക് ആയോ?: ആരാധക അഭിപ്രായങ്ങളും, കണ്ടെത്തലുകളും

തമിഴകത്തിന്റെ ‘ദളപതി’ വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെയാണ് എച്ച്‌. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ തിയേറ്ററുകളിലെത്തിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനും 60-ലധികം ചിത്രങ്ങള്‍ക്കും ശേഷമുള്ള വിജയുടെ ഈ വിടവാങ്ങല്‍ ചിത്രം ഒരു സാദാ മാസ് എന്റർടെയ്‌നറിനും അപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായിരുന്നു. വിജയ് ഇന്ന് വെറുമൊരു നടൻ മാത്രമല്ല, തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിർണ്ണായക സ്ഥാനമുള്ള നേതാവു കൂടിയാണ്.

എന്നാല്‍, ആ പ്രതീക്ഷകളുടെയും ഭാരത്തിന്റെയും അമർച്ചയില്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെട്ടുപോയോ എന്ന ചോദ്യമാണ് ‘ജനനായകൻ’ തിയേറ്ററുകളില്‍ ഉയർത്തുന്നത്. വിജയ് തന്റെ ആരാധകർ ആഗ്രഹിക്കുന്ന മാസ് അവതാരം പൂർണ്ണ ഊർജ്ജത്തോടെ നല്‍കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന് അർഹിച്ച മനോഹരമായ ഒരു വിടവാങ്ങല്‍ സിനിമ നല്‍കാൻ സംവിധായകന് സാധിച്ചില്ല.

കഥയും പശ്ചാത്തലവും: രണ്ടു സിനിമകള്‍ കൂട്ടിക്കെട്ടിയ പോലെ എന്ന് ആരാധകർ : തെലുങ്ക് ചിത്രമായ ‘ഭഗവന്ത് കേസരി’യുടെ അടിസ്ഥാന പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എച്ച്‌. വിനോദ് ‘ജനനായകൻ’ ഒരുക്കിയിരിക്കുന്നത്. വെട്രി കൊണ്ടാൻ എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തുന്നു. തനിക്ക് പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ (മമിത ബൈജു) സുരക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ഒടുവില്‍ ഫീനിക്സ് (ബോബി ഡിയോള്‍) എന്ന അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരനിലേക്ക് എത്തുന്നതാണ് കഥയുടെ ഇതിവൃത്തം

സ്ത്രീ ശാക്തീകരണം, ജനാധിപത്യം, ആധുനിക യുദ്ധതന്ത്രങ്ങള്‍, രാഷ്ട്രീയ അഴിമതി എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യാൻ ശ്രമിക്കുന്നു. എന്നാല്‍ കടലാസില്‍ മികച്ചതായി തോന്നുന്ന ഈ ആശയം സ്ക്രീനിലേക്ക് എത്തുമ്പോള്‍ രണ്ടു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേർത്തതു പോലെയാണ് അനുഭവപ്പെടുന്നത്.

പരാജയപ്പെട്ട വിഎഫ്‌എക്സും വില്ലൻ കഥാപാത്രവും : ആഫ്രിക്കയിലെ ആഭ്യന്തരയുദ്ധം, ഡ്രോണ്‍ യുദ്ധങ്ങള്‍, റോബോട്ടുകള്‍ തുടങ്ങിയ വൻ സജ്ജീകരണങ്ങളോടെയാണ് ബോബി ഡിയോളിന്റെ വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. എന്നാല്‍, നിർമ്മാണത്തിന് മൂന്ന് വർഷത്തെ സമയം ലഭിച്ചിട്ടും ചിത്രത്തിലെ VFX (വിഷ്വല്‍ എഫക്‌ട്സ്) വളരെ ദാരുണമാണ്. AI നിർമ്മിത രംഗങ്ങള്‍ പലതും പൂർത്തിയാകാത്ത വീഡിയോ ഗെയിമുകളെ ഓർമ്മിപ്പിക്കുന്നു.’തീരൻ അധികാരം ഒൻട്രു’ എന്ന റോയും റിയലിസ്റ്റിക്കുമായ ത്രില്ലർ സമ്മാനിച്ച എച്ച്‌. വിനോദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ബോബി ഡിയോള്‍ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ ഡയലോഗുകളും കഥാഗതിയും പലപ്പോഴും വിചാരിച്ചത്ര ഗൗരവം ഉണ്ടാക്കുന്നില്ല. സിനിമയില്‍ എവിടെയെങ്കിലും ജീവൻ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വിജയ് എന്ന താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രമാണ്.

വിജയ് & മമിത ബൈജു: വിജയ് തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് കാണികളെ കയ്യിലെടുക്കുന്നു. മമിത ബൈജു ആഴമുള്ള പ്രകടനത്തിലൂടെ തനിക്ക് ലഭിച്ച വേഷം മനോഹരമാക്കി. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങളാണ് സിനിമയുടെ പ്രധാന പോസിറ്റീവ്.

അനിരുദ്ധ് രവിചന്ദർ: ചിത്രത്തിന്റെ ഏറ്റവും വലിയ ബലഹീനതകളെ പോലും താങ്ങിനിർത്തുന്നത് അനിരുദ്ധിന്റെ പശ്ചാത്തലസംഗീതമാണ്. “പേരേ വരാലാറു” എന്ന ഗാനം വിജയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഡിഎൻഎ ആയി തിയേറ്ററുകളില്‍ മുഴങ്ങുന്നു.പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവർക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. ആറ്റ്ലി, ലോകേഷ് കനകരാജ്, നെല്‍സണ്‍ എന്നിവരുടെ കാമിയോ വേഷങ്ങള്‍ ആരാധകർക്ക് ഹരം പകരുന്നുണ്ട്.

ആഗ്രഹങ്ങള്‍ കൂടിയപ്പോള്‍ പാളിപ്പോയ പരീക്ഷണം : ഒരു കുടുംബചിത്രം, പൊളിറ്റിക്കല്‍ ത്രില്ലർ, മാസ് ആക്ഷൻ എന്റർടെയ്‌നർ, റാലി പ്രസംഗം, വിടവാങ്ങല്‍ സമ്മാനം… അങ്ങനെ എല്ലാം കൂടി ഒരുമിച്ച്‌ നല്‍കാൻ ശ്രമിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. വിജയ് എന്ന വ്യക്തിയെ ഒരു ദൈവത്തെപ്പോലെ പ്രതിഷ്ഠിക്കാൻ സിനിമയിലെ ഓരോ സീനും ശ്രമിക്കുന്നു. എന്നാല്‍ ‘തേരി’, ‘നൻപൻ’, ‘ഗില്ലി’ എന്നീ ചിത്രങ്ങളില്‍ കണ്ടതുപോലെ വിജയ് എന്ന നടൻ സിനിമയ്ക്ക് മുകളിലല്ല, കഥാപാത്രത്തിന് ഉള്ളിലാണ് ശോഭിച്ചിട്ടുള്ളത്.

ചുരുക്കത്തില്‍ വിജയ് തന്റെ അവസാന ചിത്രത്തിലും സർവ്വസ്വവും നല്‍കി പൊരുതുന്നുണ്ട്. ആരാധകരുടെ ആരവങ്ങളും തിയേറ്ററുകളിലെ പാലഭിഷേകവും തകൃതിയായി നടക്കുന്നുമുണ്ട്. എന്നാല്‍, ആ ആഘോഷങ്ങള്‍ അടങ്ങുമ്പോള്‍, സാങ്കേതികമായും തിരക്കഥാപരമായും ശരാശരിയില്‍ മാത്രം ഒതുങ്ങുന്ന ഒരു വിടവാങ്ങല്‍ ചിത്രമായി ‘ജനനായകൻ’ മാറും. വിജയ് എന്ന നടൻ ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments