ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. 15 ഇന്ത്യൻ വിനോദ സഞ്ചാരികളാണ് അപകടത്തിൽ ആകെ മരിച്ചത്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിലെ കോംപ്ലിമെന്ററി ട്രിപ്പ് ആണ് ഇതെന്ന വിവരമുണ്ട്. മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എം പിയെ അറിയിച്ചു.

