Thursday, October 22, 2026
HomeNewsഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനൊപ്പം ഇസ്രായേൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനൊപ്പം ഇസ്രായേൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മോദിയെയും ക്ഷണിച്ച് നെതന്യാഹു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ധീരനായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനൊപ്പം ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മോദിയെയും അദ്ദേഹം ക്ഷണിച്ചു.ക്ഷണത്തിന് മോദി നന്ദി അറിയിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞതായും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ നെതന്യാഹു വ്യക്തമാക്കി.

“എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനത്തിൽ ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ദീപം തെളിയിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ക്ഷണത്തിന് മോദി നന്ദി പറഞ്ഞു. കരയിലും ആകാശത്തും ഇന്ത്യയും ഇസ്രായേലും ഭീകരതക്കെതിരെ ഒന്നിച്ച് പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിലെ ധീരവും ദീർഘകാലവുമായ ബന്ധത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു” -നെതന്യാഹു കുറിച്ചു.

ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തിയതായും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായും മോദി എക്സിൽ പ്രതികരിച്ചു. “പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു” -മോദി കുറിച്ചു.

സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബൈ വിമാനമായ FZ1073ൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മച്ചാറിന്റെ സമയോചിതമായ ധീരപ്രവൃത്തിയാണു വൻദുരന്തം ഒഴിവാക്കിയത്. 172 പേർ സഞ്ചരിച്ച വിമാനത്തിലെ ഒമാനി പൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് മച്ചാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റിനെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments