ന്യൂയോർക്ക് : കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണെന്ന യുഎൻ പ്രത്യേക പ്രതിനിധിയുടെ റിപ്പോർട്ട് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. യുഎൻ റിപ്പോർട്ടിൽ ഗുരുതരമായ വസ്തുതാ പിശകുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ, ഇത്തരം വീഴ്ചകൾ ആഗോള സംഘടനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎൻ പ്രത്യേക പ്രതിനിധി ബെൻ സോൾ സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഇന്ത്യ രംഗത്തുവന്നത്. യുഎൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ സംസാരിക്കവെ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷന്റെ ഫസ്റ്റ് സെക്രട്ടറി രാഘൂ പുരിയാണ് ഇന്ത്യയുടെ ശക്തമായ വിയോജിപ്പ് അറിയിച്ചത്. വസ്തുതാപരമായ തെറ്റുകളുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്ന പ്രത്യേക പ്രതിനിധിമാർ അതിന് മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്നത് നിർഭാഗ്യകരമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2003-ൽ അൽ-ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ ദാവൂദ് ഇബ്രാഹിമിനെ യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധ പട്ടികയിൽപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് ‘ഇന്ത്യ ആസ്ഥാനമായുള്ള ഡി-കമ്പനി’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് യഥാർത്ഥ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി.
1993-ലെ മുംബൈ ഭീകരാക്രമണം മുതൽ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 2003-ൽ യുഎൻ വിലക്ക് ഏർപ്പെടുത്തുന്നതിന് വളരെ മുമ്പ് തന്നെ ഇയാൾ ഇന്ത്യയിൽ നിന്ന് കടന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് ഇയാൾ അൽ-ഖ്വയ്ദയുമായും ഒസാമ ബിൻ ലാദനുമായും ബന്ധം സ്ഥാപിച്ചതെന്നും രാഘൂ പുരി ചൂണ്ടിക്കാട്ടി.
ദാവൂദ് ഇബ്രാഹിം ഇപ്പോഴും ഇന്ത്യയിലെ ഒരു പിടികിട്ടാപ്പുള്ളിയാണെന്നും, യുഎൻ രേഖകൾ പ്രകാരം ഒസാമ ബിൻ ലാദനെ വധിച്ച അതേ രാജ്യത്താണ് ഇയാൾ ഇപ്പോഴുമുള്ളതെന്നും പാകിസ്ഥാന്റെ പേരെടുത്തു പറയാതെ ഇന്ത്യ യുഎന്നിൽ വ്യക്തമാക്കി. ഈ സുപ്രധാന വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

