Monday, December 23, 2024
Homeപ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

പ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

മലപ്പുറം: വയനാട് ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാനുള്ള പി. വി. അൻവറിന്റെ തീരുമാനം എൽ.ഡി.എഫിന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭമണ്ഡലങ്ങളിൽ വോട്ട്ചോർച്ച തടയാൻ എൽ.ഡി.എഫ് പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. ഈ മൂന്ന് മണ്ഡലങ്ങളിലും അൻവറിന് സ്വാധീനം തെളിയിക്കാനായാൽ അത് സി.പി.എമ്മിന് ക്ഷീണമാകും.

നിലമ്പൂരിന്റെ എം.എൽ.എ കൂടിയായ പി.വി. അൻവറുമായുള്ള ബന്ധം സി.പി.എം മുറിച്ചുകളഞ്ഞെങ്കിലും താഴെ തട്ടിൽ അദ്ദേഹത്തിന്റെ സ്വാധീനം തള്ളിക്കളയാവുന്നതല്ല. ഇപ്പോഴും സാധാരണക്കാരുടെയും പാർട്ടിയിലെ അതൃപ്തരായ അനുഭാവികളുടെയും ശബ്ദദമാകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. 2016ൽ അൻവർ സി.പി.എമ്മിന്റെ നേതാവായി രംഗപ്രവേശം ചെയ്തതോടെ സഖാവ് കുഞ്ഞാലിയുടെ തട്ടകം തിരിച്ചുപിടിച്ച പ്രതീതിയിലായിരുന്നു സി.പി.എം. പാർട്ടി അംഗമ​ല്ലെങ്കിൽ പോലും കരുത്തനായ നേതാവിനെയാണ് സാധാരണക്കാർ അൻവറിൽ കണ്ടത്. അദ്ദേഹത്തിന് പകരക്കാരനായി മേഖലയിൽ സി.പി.എമ്മിനെ നയിക്കാൻ ആളില്ല എന്ന യാഥാർഥ്യവും പാർട്ടി തിരിച്ചറിയുന്നുണ്ട്.

പുതിയ സാഹചര്യത്തിൽ തന്നെ തള്ളിക്കളഞ്ഞ സി.പി.എമ്മിന് മറുപടി നൽകാൻ ഉപതെരഞ്ഞെടുപ്പ് അവസരമാക്കുകയാണ് അൻവർ എന്നാണ് മനസിലാക്കേണ്ടത്. ആറ് മാസം മുമ്പ് 2024 ഏപ്രിലിൽ നടന്ന ലോക്സഭതെരഞ്ഞെുടുപ്പിൽ എൽ.എഡി.എഫിന് വേണ്ടി പട നയിച്ച അൻവറാണ് ഇപ്പോൾ പ്രിയങ്കക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് പറയുന്നത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ ഏറ്റവും കടുത്ത അധിക്ഷേപം നടത്തിയതും അൻവറായിരുന്നു.

രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നും നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ലെന്നുമായിരുന്നു അൻവറിന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ സി.പി.എമ്മുമായി ഇടയാൻ തുടങ്ങിയ​പ്പോൾ തന്നെ അൻവർ ഈ പരാമർശം തിരുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഡി.എൻ.എയാണ് ഞാൻ ഉദ്ദേശിച്ചിരുന്നത് എന്ന് മയപ്പെടുത്തി. ഇന്ന് പാലക്കാട്ട് അൻവർ പറഞ്ഞത് ഇൻഡ്യമുന്നണിയെ നയിക്കുന്ന രാഹുൽഗാന്ധിയുടെ സഹോദരിയെ പിന്തുണയ്ക്കുമെന്നാണ്. ഇതോടെ രാഹുലിനെ അധിക്ഷേപിച്ചതിലെ പശ്ചാതാപം പ്രകടിപ്പിച്ചിരിക്കയാണ് അൻവർ.

കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്സഭതെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ 42,962 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി ആനിരാജ നേടിയത്. വണ്ടൂരിൽ 43,626 വോട്ടും ഏറാനാട് 37, 451 വോട്ടും എൽ.ഡി.എഫ് നേടി. ഇത്തവണ ഈ വോട്ട് കുറയാതെ നോക്കൽ സി.പി.എമ്മിന്റെ ‘ടാസ്ക്’ ആവും.

2011ലെ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ അൻവർ സ്വതന്ത്രനായി മത്സരിച്ചപ്പോൾ 42,452 വോട്ട് വാങ്ങി രണ്ടാം സ്ഥാനത്ത് എത്തിയ ചരിത്രവുമുണ്ട്. മേഖലയിൽ അൻവറി​ന്റെ സ്വാധീനം സൂചിപ്പിക്കുന്നതാണ് ഈ കണക്കുകളെല്ലാം. പിണറായി വിജയന്റെ നവകേരളസദസ്സിൽ ഏറ്റവും കൂടുതൽ ആളുകളെ പ​ങ്കെടുപ്പിച്ചതിന് അനമോദനം ലഭിച്ച നേതാവാണ് ഇപ്പോൾ എൽ.ഡി.എഫിനെതിരെ യുദ്ധത്തിനൊരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments