സിഖ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാൻ അനുകൂല സംഘടന നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ യുഎസിൽ വച്ച് വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗൂഡാലോചന നടത്തി എന്ന യുഎസ് ആരോപണത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളിൽ തങ്ങൾ തൃപ്തരാണ് എന്ന് യുഎസ്. ഈ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യുഎസിൽ എത്തിയ ഇന്ത്യൻ അന്വേഷണ സമിതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.പന്നൂൻ്റെ കൊലപാതക പദ്ധതിയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന , യുഎസ് ജസ്റ്റിസ് ഡിപ്പാഡട്മെൻ്റിൻ്റെ കുറ്റപത്രത്തിൽ പേരുള്ള വ്യക്തി ഇപ്പോൾ ഇന്ത്യൻ സർക്കാരിൽ ജോലി ചെയ്യുന്നില്ലെന്ന് മാത്യു മില്ലർ പറഞ്ഞു. ആരോപണത്തെ തുടർന്ന് ഇന്ത്യ അയാളെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കി. ‘ ഈ കേസിൽ ഇന്ത്യ നന്നായി സഹകരിക്കുന്നുണ്ട്. ഇത് ഒരു തുടർ പ്രക്രിയയാണ്. അവരുടെ അന്വേഷണം സംബന്ധിച്ച പുതിയ വിവരങ്ങൾ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ‘ അദ്ദേഹം പറഞ്ഞു.ഇന്ത്യൻ അന്വേഷണ സമിതിയുമായുള്ള കൂടുതൽ കൂടിക്കാഴ്ചകളെ കുറിച്ച് ചോദിച്ചപ്പോൾ, ഇക്കാര്യത്തിൽ കൂടുതൽ ഒന്നും വെളിപ്പെടുത്താൻ ഇല്ല എന്ന് മില്ലർ പറഞ്ഞു.
പന്നൂൻ വധ ഗൂഡാലോചന കേസിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തയെ ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് യുഎസിലേക്ക് വിചാരണ നേരിടുന്നതിനായി കൈമാറിയിരുന്നു. യുഎസിൽ എത്തിയ അദ്ദേഹം കുറ്റക്കാരനല്ലെന്നു വാദിക്കുന്ന ഹർജി നൽകിയിട്ടുണ്ട്.. കൊലപാതക ഗൂഢാലോചനയുടെ ലക്ഷ്യമായ പന്നൂൻ, അമേരിക്കൻ പൗരത്വവും കനേഡിയൻ പൗരത്വവുമുള്ളഖലിസ്ഥാൻ വാദിയാണ്. അദ്ദേഹത്തെ ഇന്ത്യ ഭീരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽയുഎസ് സർക്കാർ ഉന്നയിച്ച സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യ ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകി. ദേശീയ സുരക്ഷയ്ക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇന്ത്യ അത്തരം വിഷയങ്ങൾ ഗൗരവമായി കാണുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു, ബന്ധപ്പെട്ട വകുപ്പുകൾ ഇതിനകം തന്നെ വിഷയം പരിശോധിച്ചു വരികയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഉന്നതതല അന്വേഷണ സമിതി കഴിഞ്ഞ ദിവസം യുഎസിൽ എത്തിയിട്ടുണ്ട്.