വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കെ ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം നടന്നതായി റിപ്പോർട്ട്. ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.‘‘ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകൾ യു.എസ് സൈന്യം വെടിവെച്ചിട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് യു.എസ് സേന ഈ ഡ്രോണുകളെല്ലാം തകർത്തത്. നിലവിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണ്’’ യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ പോസ്റ്റ് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക സമാധാന കരാറിന് അന്തിമരൂപമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. വരും ദിവസങ്ങളിൽ ഇരുപക്ഷവും കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇറാനിൽ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, സമാധാന കരാറിലേക്ക് അടുക്കുന്നതിനാൽ ആക്രമണം നിർത്തിവെക്കുന്നതായി അവസാന നിമിഷം ട്രംപ് അറിയിച്ചു. കരാറിന്റെ വലിയൊരു ഭാഗം സംബന്ധിച്ച് അവസാനവട്ട ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചതോടെയാണ് 105 ദിവസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.
യു.എസും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. പ്രാഥമിക കരാർ തിങ്കളാഴ്ചയോടെ യാഥാർഥ്യമാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 60 ദിവസത്തെ സമ്പൂർണ വെടിനിർത്തലാണുണ്ടാവുക. ഈ ദിവസങ്ങളിൽ അന്തിമ കരാറിന് രൂപം നൽകും.ഏപ്രിൽ എട്ടിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. വെടിനിർത്തലിന്റെ ഭാഗമായി, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന ഇറാന്റെ വ്യവസ്ഥ ഇസ്രായേൽ തുടർച്ചയായി ലംഘിച്ചതാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ പ്രധാന കാരണം. പുതിയ കരാറിൽ ലബനാനിലെ വെടിനിർത്തൽ ഉറപ്പാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

