Saturday, June 13, 2026
HomeScienceഎൽ നിനോ' പ്രതിഭാസം രൂപം കൊള്ളുന്നു : ഭൂമിക്കും ജീവജാലങ്ങൾക്കും വിനയാകുമോ?

എൽ നിനോ’ പ്രതിഭാസം രൂപം കൊള്ളുന്നു : ഭൂമിക്കും ജീവജാലങ്ങൾക്കും വിനയാകുമോ?

വാഷിങ്‌ടൺ: ഭൂമിയെ ചുട്ടുപൊള്ളിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ‘എൽ നിനോ’ പ്രതിഭാസം രൂപപ്പെടുന്നു. 1997-ൽ ആഗോളതലത്തിൽ കോടികളുടെ നാശനഷ്ടം വിതച്ച റെക്കോഡ് എൽ നിനോയെക്കാൾ തീവ്രമായിരിക്കും ഇത്തവണത്തേതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ‘സൂപ്പർ എൽ നിനോ’, ‘ഗോഡ്‌സില്ല’ തുടങ്ങിയ വിളിപ്പേരുകളിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം വെന്തുരുകുന്ന ഭൂഗോളത്തെ പുതിയ ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പസഫിക് സമുദ്രത്തിലെ ജലതാപനില ക്രമാതീതമായി ഉയരുന്നതിനാൽ ‘എൽ നിനോ’യുടെ സാന്നിധ്യം യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്ട്രേഷൻ (NOAA) ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ശൈത്യകാലത്തിന്റെ തുടക്കത്തിൽ എൽ നിനോ 63 ശതമാനത്തിലധികം തീവ്രമാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. 1950 മുതലുള്ള കാലാവസ്ഥാ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ഭയാനകമായ പ്രതിഭാസങ്ങളിൽ ഒന്നായിരിക്കും ഇത്.

എൽ നിനോ കാരണം പസഫിക് സമുദ്രത്തിലെ ആഴമേറിയ ചൂടുവെള്ളം ഉപരിതലത്തിലേക്ക് ഉയരുന്നത് ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളെ തകിടം മറിക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇതിനെ ‘അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. ചൂടാകുന്ന ലോകത്തിന്റെ തീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും ഈ അവസ്ഥയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യങ്ങളെ എങ്ങനെ ബാധിക്കുന്നു?

ഇന്ത്യ : കഠിനമായ ഉഷ്‌ണതരംഗങ്ങൾക്കും വരാനിരിക്കുന്ന വരൾച്ചയ്ക്കും ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വരും.

ഓസ്‌ട്രേലിയ : അതിരൂക്ഷമായ വരൾച്ചയും കാട്ടുതീയും വലിയ നാശനഷ്ടങ്ങൾ വിതച്ചേക്കാം.

അമേരിക്ക : കിഴക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റുകളുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും, തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും ഉണ്ടായേക്കും.

ആഫ്രിക്കയും മിഡിൽ ഈസ്റ്റും : വടക്കുകിഴക്കൻ ആഫ്രിക്കയിൽ കടുത്ത വരൾച്ചയും ചിലയിടങ്ങളിൽ അപ്രതീക്ഷിത പ്രളയവും ഉണ്ടാകാം. വരൾച്ച ബാധിച്ച മിഡിൽ ഈസ്റ്റിനെ ഇത് കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് തള്ളിവിടും.

എൽ നിനോ ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനം അമേരിക്കൻ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധൻ മാർഷൽ ബർക്ക് വ്യക്തമാക്കുന്നു. എൽ നിനോ കാരണം വരാനിരിക്കുന്ന വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടമായി മാറിയേക്കാം. എന്നിരുന്നാലും, പ്രതിഭാസം അമേരിക്കയിലെ ചില കാർഷിക മേഖലകൾക്ക് താൽക്കാലികമായി ഗുണം ചെയ്തേക്കുമെന്ന് എൻ.ഒ.എ.എ. വിലയിരുത്തുന്നുണ്ട്. പരുത്തി, സോയാബീൻ, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്ന 18 സംസ്ഥാനങ്ങളിൽ അനുകൂലമായ മഴ ലഭിക്കാൻ ഇത് കാരണമായേക്കാം. എന്നാൽ കന്നുകാലി വളർത്തൽ, പാലുത്പാദനം എന്നീ മേഖലകളിൽ സമ്മിശ്രമായ ഫലമായിരിക്കും ഉണ്ടാകുക.അതേസമയം, ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലമാണോ ഇത്രയും ശക്തമായ എൽ നിനോ രൂപപ്പെട്ടതെന്ന് പൂർണ്ണമായി സ്ഥിരീകരിക്കാൻ സമയമായിട്ടില്ലെങ്കിലും, ആഗോളതാപനം ഇതിന്റെ തീവ്രത കൂട്ടുന്നു എന്നതിൽ തർക്കമില്ല. ഇത്തരം പ്രതിസന്ധികളെ ഭയപ്പെടുന്നതിന് പകരം കൃത്യമായ മുൻകരുതലുകളോടെയും പ്രതിരോധ നടപടികളോടെയും നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments