Saturday, June 13, 2026
HomeHealthനിപ വൈറസ് വ്യാപനം: പ്രതിപക്ഷം രാഷ്ട്രീയ വിമർശനങ്ങൾക്ക് ആയുധമാക്കുന്നു: ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

നിപ വൈറസ് വ്യാപനം: പ്രതിപക്ഷം രാഷ്ട്രീയ വിമർശനങ്ങൾക്ക് ആയുധമാക്കുന്നു: ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ നിപ വൈറസ് വ്യാപന ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമർശനങ്ങൾക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇതുവരെ നടത്തിയ എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്ന് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയി വന്നിട്ടുണ്ട്. നിലവിൽ വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതേപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.‘നിപ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത്. ഈ രോഗം ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, കേരളത്തിൽ എല്ലായിടത്തും പടരാൻ സാധ്യതയുള്ള ഒന്നാണ്.

അതുകൊണ്ടാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. തലസ്ഥാനത്തിരുന്ന് സംസ്ഥാനത്തെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിളിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ഇത് ആവശ്യമാണ്’ മന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുന്നതിനായി റവന്യൂ മന്ത്രി അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന സമീപനം തികച്ചും ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. വീണുകിട്ടിയ ഒരു രാഷ്ട്രീയ ആയുധം പോലെയാണ് പ്രതിപക്ഷം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. എന്നാൽ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും നിപ വ്യാപനം തടയാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments