Friday, June 12, 2026
HomeNewsഇറാനിയൻ സൈനിക താവളങ്ങൾക്ക് വൻ നാശനഷ്ടമെന്ന് ഉപഗ്രഹ ചിത്രങ്ങൾ

ഇറാനിയൻ സൈനിക താവളങ്ങൾക്ക് വൻ നാശനഷ്ടമെന്ന് ഉപഗ്രഹ ചിത്രങ്ങൾ

ടെഹ്‌റാൻ : ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ആസ്ഥാനം ഉൾപ്പെടെ 50-ലധികം ഇറാനിയൻ സൈനിക താവളങ്ങൾക്ക് യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ബിബിസി വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ഇത് വ്യക്തമാകുന്നത്. വ്യോമസേനാ വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ എന്നിവയ്ക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിലുടനീളം 13,000-ത്തിലധികം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

ഗൾഫ് മേഖലയിൽ യുഎസ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതിനെത്തുടർന്ന് യുഎസും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ദക്ഷിണ ബെയ്റൂട്ടിലെയും ഇറാൻ്റെ മറ്റ് സൈനിക കേന്ദ്രങ്ങളിലെയും ലക്ഷ്യങ്ങൾ ആക്രമിച്ചുകൊണ്ട് ഇസ്രായേലും ഇതിൽ പങ്കുചേർന്നു. ഇറാനെ സൈനികമായി പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും അവരുടെ വ്യോമസേനയും നാവികസേനയും 100 ശതമാനവും തകർത്തതായും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.

ആക്രമണങ്ങളിൽ വൻ നാശനഷ്ടം നേരിട്ടെങ്കിലും, നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കാലാവധി ഉപയോഗപ്പെടുത്തി ചില പ്രധാന മിസൈൽ കേന്ദ്രങ്ങളുടെ തുരങ്കമുഖങ്ങൾ ടെഹ്‌റാൻ അറ്റകുറ്റപ്പണി നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, മിഡിൽ ഈസ്റ്റിലെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നത് പരിമിതപ്പെടുത്താൻ പെൻ്റഗൺ പ്രമുഖ ഏജൻസിയായ പ്ലാനറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ശത്രുക്കൾ ഈ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കി. മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൈനിക വിഭാഗത്തിൽ 17 വിമാനങ്ങളും, ഷിറാസ് എയർബേസിൽ 13 വിമാനങ്ങളും തകർക്കപ്പെട്ടു. ബന്ദർ അബ്ബാസ്, കൊണാരക് നാവിക താവളങ്ങളിലെ നിരവധി യുദ്ധക്കപ്പലുകൾക്കും കെട്ടിടങ്ങൾക്കും കടുത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇറാൻ്റെ സൈനിക രഹസ്യ സ്വഭാവം കാരണം ലഭ്യമായ വിവരങ്ങൾ ഭാഗികം മാത്രമാണെന്നും, രാജ്യത്ത് ആകെ 197 സൈനിക-ഐആർജിസി താവളങ്ങൾ ഉണ്ടെന്നുമാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ ‘ജെയ്ൻസ്’ കണക്കാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments