തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് നൽകുക.
അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ടാൽ മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുകയാണ് പതിവ്.ഹാജരാകാൻ പുതിയ തീയതിയും സമയവും നൽകും. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാം.
കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) 50ാം വകുപ്പ് പ്രകാരം ലഭിക്കുന്ന സമൻസിൽ കക്ഷി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ.ഇ.ഡി നിശ്ചയിക്കുന്ന പുതിയ തീയതിയിൽ വീണ ഹാജരാകേണ്ടി വരും. സമൻസ് ലഭിച്ചാൽ ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നേരിട്ട് ഹാജരാക്കുന്നതിൽനിന്ന് കക്ഷികൾക്ക് വിട്ടുനിൽക്കാൻ കഴിയില്ല.

