ന്യൂഡൽഹി: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 18-ന് പുറപ്പെടുവിക്കും. 25 വരെ നോമിനേഷൻ സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20 -ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. 23-നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 22-ന് പുറപ്പെടുവിക്കും. 29 വരെ നോമിനേഷൻ സമർപ്പിക്കാം. 30-ന് സൂക്ഷ്മ പരിശോധന. നവംബർ നാല് വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. 288 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഝാർഖണ്ഡിൽ രണ്ട് ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 42 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 13-നും രണ്ടാം ഘട്ടം 20-നും നടക്കും. 23-നാണ് ഝാർഖണ്ഡിലെയും വോട്ടെണ്ണൽ. ആദ്യഘട്ടത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 18-ന് പുറപ്പെടുവിക്കും. 25-വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30-വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം.
രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഈ മാസം 22-ന് ഇറങ്ങും. 29 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 30-നാകും സൂക്ഷ്മ പരിശോധന. നവംബർ ഒന്ന് വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാകും. 20-ന് പോളിംഗ് ബൂത്തിലേക്ക്. 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നന്ദി അറിയിച്ചു. ആവേശകരമായ പങ്കാളത്തമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ ഉത്സവത്തെ ചരിത്രമാക്കി മാറ്റി. വോട്ടിംഗ് ശതമാനത്തിൽ വൻ കുതിപ്പാണുണ്ടായതെന്നും ഇത്തവണ കാണിച്ച ആവേസം വരും തെരഞ്ഞെടുപ്പുകളിലും ഓർമിക്കപ്പെടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറ ജമ്മു കശ്മീരിൽ പണിത് കഴിഞ്ഞു. ജനാധിപത്യയാത്രയ്‌ക്ക് ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.