ബര്‍ലിന്‍ : യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയും കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം നൽകുന്നതിനും പേരുകേട്ട യൂറോ വിങ്സ് ഹാംബർഗ് വിമാനത്താവളിൽ നിന്നുള്ള 1000-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കാൻ തീരുമാനിച്ചു. റയാൻ എയറിന് ശേഷം ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന രണ്ടാമത്തെ വലിയ വിമാന കമ്പനിയാണിത്.
ജർമൻ വിമാനത്താവളങ്ങളിലെ ഉയർന്ന ചെലവാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. വിമാനത്താവള ഫീസിലെ വർധനവും എയർ ട്രാഫിക് കൺട്രോൾ ഫീസും വിമാന കമ്പനികൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഇതിനെതിരെ യൂറോ വിങ്സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീരുമാനം ഹാംബർഗ് വിമാനത്താവളത്തിലെ യാത്രക്കാരെ ബാധിക്കും. ഫ്ലൈറ്റ് ഓപ്ഷനുകൾ കുറയുന്നതോടൊപ്പം യാത്രാ ചെലവും വർധിക്കാൻ സാധ്യതയുണ്ട്. ടൂറിസം മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. എന്നാൽ ഹാംബർഗ് വിമാനത്താവള അധികൃതർ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. വിമാനത്താവള ഫീസ് വിമാന കമ്പനികളുടെ മൊത്തം ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് അവർ പറയുന്നത്. എന്നാൽ എയർ ട്രാഫിക് കൺട്രോൾ, ഏവിയേഷൻ സെക്യൂരിറ്റി തുടങ്ങിയ മറ്റ് ചെലവുകളാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ വാദം.