Saturday, January 24, 2026
HomeEuropeവ്യാപാര കരാറിൽ ഇന്ത്യയുമായി സഹകരിക്കാൻ യൂറോപ്യൻ യൂണിയൻ

വ്യാപാര കരാറിൽ ഇന്ത്യയുമായി സഹകരിക്കാൻ യൂറോപ്യൻ യൂണിയൻ

ദില്ലി: ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറാകും ഇന്ത്യയുമായി ഒപ്പു വയ്ക്കുക എന്ന് യൂറോപ്യൻ യൂണിയൻ. റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ നാളെ ദില്ലിയിൽ എത്തും. ഡോണൾഡ് ട്രംപിന്‍റെ ബോർഡ് ഓഫ് പീസും ഇന്ത്യയും യൂറോപ്പും ചർച്ച ചെയ്യും. പാകിസ്ഥാൻ ബോ‍‍ർഡിൽ അംഗമായതിനെ ഇതിനിടെ ഇസ്രായേൽ എതിർത്തു. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെയർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് അൻറോണിയോ കോസ്റ്റ എന്നിവരാണ് റിപ്പബ്ളിക് ദിനത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്നത്. ചൊവ്വാഴ്ച ഇരുവരും പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ ഇയു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വയ്ക്കും.

എല്ലാ കരാറുകളുടെയും മാതാവ് എന്നാണ് ഉർസുല വോൻ ഡെയർ ഇന്ത്യയുമായുള്ള കരാറിനെ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കരാറാകും ഇത്. ഇരുന്നൂറ് കോടി ജനങ്ങളാകും കരാറിലൂടെ ഒന്നിച്ച് വരികയെന്ന് ഉർസുല ചൂണ്ടിക്കാട്ടി. യൂറോപ്പിൽ നിന്നുള്ള കാറുകൾ അടക്കം തീരുവ കുറച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ കരാർ വഴിവയ്ക്കും എന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്കും സമുദ്രോല്പന്നങ്ങൾക്കും യൂറോപ്യൻ മാർക്കറ്റിൽ ഇളവ് കിട്ടും. അതേസമയം, ക്ഷീര രംഗത്ത് ഇന്ത്യയിലെ നിയന്ത്രണങ്ങൾ എടുത്തു കളയില്ല.

അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് യൂറോപ്യൻ യൂണിയനുമായി ഇന്ത്യ അടുക്കുന്നത്. ഗാസ സമാധാന പദ്ധതിയുടെ പേരിൽ ഡോണൾഡ് ട്രംപ് രൂപീകരിച്ച ബോ‍ർ‍ഡ് ഓഫ് പീസിൽ നിന്ന് ഫ്രാൻസ് അടക്കം പല യൂറോപ്യൻ രാജ്യങ്ങളും വിട്ടു നിൽക്കുകയാണ്. ഇക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പാകിസ്ഥാൻ ബോർഡിൽ അംഗമായത് അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഇസ്രയേൽ ധനകാര്യമന്ത്രി നിർ ബർകത് തുറന്നടിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments