ഹൈദരാബാദ്: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരബാദിലെ ചടങ്ങിൽ പങ്കെടുക്കവേയാണ് മോദി പുതിയ ആശയങ്ങൾ പങ്കുവെച്ചത്.
അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

