നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളതെന്നും, എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു എന്നും പിണറായി ഫെയ്സ്ബുക് കുറിപ്പില്‍ വ്യക്തമാക്കി.
മൂന്നാംവട്ടം പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ലെന്നും തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

