അങ്കമാലി : കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റായിരുന്നു മരണം. മൃതദേഹത്തിന് സമീപത്തുനിന്ന് മാറാതെ ആന നിലയുറപ്പിച്ചത് ഭീതി പരത്തി. ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്.
സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കിടങ്ങൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു ആനയെ. കുളിപ്പിക്കാനും വെള്ളം നൽകാനുമായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടത്. ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാൻമാരെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.

