Wednesday, April 29, 2026
HomeEntertainmentആകാശത്തോ ഭൂമിയിലോ?: വിമാനത്തിനുഉള്ളിൽ കുഞ്ഞിന് ജന്മം നൽകി യുവതി: പാരാമെഡിക്കലുകളുടെ സഹായത്തോടെ സുഖപ്രസവം

ആകാശത്തോ ഭൂമിയിലോ?: വിമാനത്തിനുഉള്ളിൽ കുഞ്ഞിന് ജന്മം നൽകി യുവതി: പാരാമെഡിക്കലുകളുടെ സഹായത്തോടെ സുഖപ്രസവം

അറ്റ്‌ലാൻ്റയിൽ നിന്നും ഒറിഗണിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നു ഡെൽറ്റ എയർലൈൻസിൻ്റെ ബോയിംഗ് 737 വിമാനം. യാത്രക്കാർ ലാൻഡിംഗിനായി സീറ്റ് ബെൽറ്റുകൾ മുറുക്കുന്നതിനിടയിലാണ് വിമാനത്തിനുള്ളിൽ ഒരു അപ്രതീക്ഷിത അറിയിപ്പ് ഉണ്ടായത്—യാത്രക്കാരിൽ ഒരാളായ ആഷ്‌ലി ബ്ലെയറിന് പ്രസവവേദന തുടങ്ങിയിരിക്കുന്നു! ടെന്നസി സ്വദേശിയായ ആഷ്‌ലി ബ്ലെയർ എന്ന യുവതി പ്രസവത്തിനായി അമ്മയുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്തിനുള്ളിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ടത്. ലാൻഡിംഗിന് ഏകദേശം അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം.

153 യാത്രക്കാരുണ്ടായിരുന്ന വിമാനം ഉടൻ തന്നെ ഒരു ലേബർ റൂമായി മാറി. ബോയിംഗ് 737 വിമാനം റൺവേയിൽ തൊടുന്നതിന് വെറും മിനിറ്റുകൾക്ക് മുൻപ് ജനിച്ച കുഞ്ഞിന് ബ്രിയേൽ റെനി ബ്ലെയർ എന്നാണ് പേരിട്ടിരിക്കുന്നത്.

വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ടീന ഫ്രിറ്റ്‌സ്, കാരിൻ പവൽ എന്നീ രണ്ട് പാരാമെഡിക്കുകളുടെ സമയോചിത ഇടപെടലാണ് പ്രസവം സുരക്ഷിതമാക്കിയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. വിമാനത്തിലെ മറ്റൊരു യാത്രക്കാരന് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോൾ സഹായിക്കാൻ എത്തിയതായിരുന്നു പാരാമെഡിക്കുകൾ. അതിനിടയിലാണ് ആഷ്‌ലിയുടെ നില ഗുരുതരമാണെന്ന വിവരം വിമാന ജീവനക്കാർ ഇവരെ അറിയിച്ചത്. പരിശോധനയിൽ പ്രസവം ഉടൻ നടക്കുമെന്ന് ഇവർക്ക് ബോധ്യപ്പെട്ടു. തുടർന്ന് ആഷ്‌ലിയുടെ സമീപത്തെ സീറ്റുകളിലുള്ള യാത്രക്കാരെ മാറ്റുകയും പ്രസവത്തിനായി സ്ഥലം ഒരുക്കുകയും ചെയ്തു.

യാതൊരു സജ്ജീകരണങ്ങളും ഇല്ലാതിരുന്ന വിമാനത്തിൽ അത്ഭുതകരമായ രീതിയിലാണ് മെഡിക്കൽ സംഘം പ്രസവം നടത്തിയത്. വിമാനത്തിൽ ആവശ്യമായ മെഡിക്കൽ കിറ്റുകൾ ലഭ്യമല്ലാതിരുന്നിട്ടും ഇവർ പതറിയില്ല. മറ്റു യാത്രക്കാരിൽ നിന്ന് അവർ പുതപ്പുകൾ ശേഖരിച്ചു. കൈവശമുണ്ടായിരുന്ന ലേസുകളും നൂലുകളും ഉപയോഗിച്ച് അവർ അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ട ഉപകരണങ്ങൾ പരിഷ്കരിച്ചുണ്ടാക്കി. കാരിൻ സ്വന്തം ഷൂസിൻ്റെ ലേസ് അഴിച്ചെടുത്ത് ഐ.വി നൽകാനുള്ള ടൂർണിക്കറ്റ് ആയി ഉപയോഗിച്ചു. പൊക്കിൾകൊടി കെട്ടാനായി വിമാന ജീവനക്കാരൻ്റെ ഷൂ ലേസ് ആണ് ഇവർക്ക് തുണയായത്.

പ്രസവത്തിൻ്റെ അവസാന ഘട്ടത്തിൽ വിമാനം ലാൻഡിംഗിനായി തയ്യാറെടുക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ എല്ലാവരും സീറ്റിൽ ഇരിക്കണമെന്ന് ജീവനക്കാർ നിർദ്ദേശിച്ചെങ്കിലും പാരാമെഡിക്കുകൾ ആഷ്‌ലിക്കൊപ്പം തുടർന്നു. ആഷ്‌ലിയുടെ ശക്തമായ ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് പുറത്തെത്തുകയും കൃത്യം ആ നിമിഷം തന്നെ വിമാനത്തിൻ്റെ ചക്രങ്ങൾ റൺവേയിൽ തൊടുകയും ചെയ്തു. അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ പോർട്ട്ലാൻഡ് എയർപോർട്ട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ഏറ്റെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. രണ്ടര കിലോ തൂക്കമുള്ള കുഞ്ഞും അമ്മയും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ഡെൽറ്റ എയർലൈൻസ് തങ്ങളുടെ ജീവനക്കാരെയും സഹായിച്ച മെഡിക്കൽ വോളണ്ടിയർമാരെയും നന്ദി അറിയിച്ചു.

വിമാനത്തിൽ കുഞ്ഞ് ജനിക്കുമ്പോൾ…

വിമാനയാത്രയിൽ ഗർഭാവസ്ഥയുടെ 36-ാം ആഴ്ച വരെ (ഇരട്ടക്കുട്ടികൾക്ക് 32 ആഴ്ച) യാത്ര ചെയ്യാൻ മിക്ക കമ്പനികളും അനുവദിക്കുന്നുണ്ടെങ്കിലും, 28 ആഴ്ചയ്ക്ക് ശേഷം ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡെൽറ്റ എയർലൈൻസ് പോലെയുള്ള കമ്പനികൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, യാത്രയ്ക്കിടയിൽ പ്രസവമുണ്ടായാൽ സഹായിക്കാൻ ജീവനക്കാർക്ക് പരിശീലനവും, അടിയന്തര സാഹചര്യത്തിൽ വിമാനം നിലത്തിറക്കാനുള്ള അധികാരവും പൈലറ്റിനുണ്ട്.വിമാനത്തിൽ ജനിക്കുന്ന കുഞ്ഞിൻ്റെ പൗരത്വം, വിമാനം പറക്കുന്ന ആകാശപരിധിയിലെ രാജ്യത്തിൻ്റെ നിയമം (Jus Soli) അല്ലെങ്കിൽ മാതാപിതാക്കളുടെ പൗരത്വം (Jus Sanguinis) അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. അമേരിക്ക, കാനഡ എന്നിവ ‘ജസ് സോളി’ പിന്തുടരുമ്പോൾ, ഇന്ത്യ ‘ജസ് സാംഗ്വിനിസ്’ ആണ് പിന്തുടരുന്നത്; സമുദ്രത്തിന് മുകളിലാണെങ്കിൽ വിമാനം രജിസ്റ്റർ ചെയ്ത രാജ്യത്തെ പൗരത്വം കുഞ്ഞിന് ലഭിച്ചേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments