Wednesday, April 22, 2026
HomeNewsഗുരുതര ഭീഷണി മുഴക്കി ഇറാൻ: അയൽ രാജ്യങ്ങൾ യുഎസ്സിനെ സഹായിക്കുന്ന യുദ്ധ സൗകര്യങ്ങൾ ...

ഗുരുതര ഭീഷണി മുഴക്കി ഇറാൻ: അയൽ രാജ്യങ്ങൾ യുഎസ്സിനെ സഹായിക്കുന്ന യുദ്ധ സൗകര്യങ്ങൾ ചെയ്താൽ എണ്ണ തരില്ല

ടെഹ്റാൻ: മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്ത്. ഇറാന്‍റെ ശത്രുക്കള്‍ക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനല്‍കിയാല്‍ മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാൻ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച്‌ ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

പേർഷ്യൻ ഗള്‍ഫിലെ ചില രാജ്യങ്ങള്‍ മുമ്പ് ഇറാന്‍റെ ശത്രുക്കള്‍ക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കില്‍ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇറാന്‍റെ ലക്ഷ്യപ്പട്ടികയില്‍ ഇനി സൈനിക താവളങ്ങള്‍ മാത്രമല്ല ഉള്ളതെന്നും മറിച്ച്‌ മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ നിർണ്ണായകമായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയുടെ സൈനിക താവളങ്ങള്‍ നിലനില്‍ക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടർത്തുന്നുണ്ട്.

മേഖലയിലെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നയതന്ത്ര തലത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നിരിക്കെ, ഇറാന്‍റെ അടുത്ത നീക്കങ്ങള്‍ക്കായി ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments