Thursday, October 22, 2026
HomeAmericaഹൂതി ആക്രമണം ശക്തം: മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നു

ഹൂതി ആക്രമണം ശക്തം: മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നു

വാഷിംഗ്ടൺ : ഇറാൻ്റെ പിന്തുണയോടെ യെമനിലെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഇതിനൊപ്പം സൗദി അറേബ്യയിലെ യു.എസ് എംബസിയിലെ അടിയന്തര വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യു.എസ് വിദേശകാര്യ വകുപ്പ് നിർദ്ദേശം നൽകി. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് നടപടിയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയിലെ എംബസിക്ക് മാത്രമാണ് നിലവിൽ ജീവനക്കാരെ പൂർണ്ണമായി ഒഴിപ്പിക്കാനുള്ള ‘ഓർഡേർഡ് ഡിപ്പാർച്ചർ’ ഉത്തരവ് ബാധകമാക്കിയിട്ടുള്ളത്. എന്നാൽ ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളിലെ യു.എസ് എംബസികൾ നിയന്ത്രിത സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. മേഖലയിൽ യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവും അമേരിക്ക നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയിലെ വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെ ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ ഒരു യു.എസ് പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സൗദിയിലെ ഷെയ്ബ എണ്ണപ്പാടത്തിന് നേരെ ഉൾപ്പെടെ നിരവധി ഡ്രോൺ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ‘ബാബ് അൽ-മന്ദബ്’ കടലിടുക്കിന് സമീപമാണ് ഹൂത്തികൾക്ക് ശക്തമായ സ്വാധീനമുള്ളത്. അതിനാൽ ഈ സംഘർഷം ആഗോള എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ഹൂത്തികളുടെ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് സൗദി അറേബ്യ ആരോപിക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു.ഹൂത്തികളുടെ ആക്രമണങ്ങൾ അതിക്രമമാണെന്നും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹൂത്തികൾക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തുമോ എന്ന ചോദ്യത്തിന് “ഒരുപക്ഷേ ഉണ്ടായേക്കാം” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഹൂത്തികളുമായി നിലവിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഹൂത്തി ഭീഷണിയെ പ്രതിരോധിക്കാൻ സൗദി അറേബ്യക്ക് വ്യോമസേനയുടെ സഹായം നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം യെമൻ സർക്കാരിന് അടിയന്തരമായി സഹായം നൽകണമെന്ന് യെമൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ രാഷ്ട്രീയ ഉപദേശകൻ അംബാസഡർ മർവാൻ അലി നൊമാൻ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments