മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEOUK) ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആന്റോ ജോസഫും സിനിമാ നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും ഫിയോക് ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ ഫിയോക് ഔദ്യോഗിക സർക്കുലറിലൂടെ തിയറ്റർ ഉടമകളെ അറിയിച്ചു.
തിയറ്ററുകളിൽ നിന്നുള്ള കളക്ഷന്റെ വിഹിതം വർദ്ധിപ്പിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സംഘടനകൾക്കിടയിൽ ഭിന്നത രൂക്ഷമായത്. വരുമാന വിഹിതം കൂട്ടി ചോദിച്ചതിൽ പ്രതിഷേധിച്ച് ഫിയോക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ സിനിമയുടെ പ്രാധാന്യവും പ്രേക്ഷകരുടെ കാത്തിരിപ്പും പരിഗണിച്ച് നടന്ന ഒത്തുതീർപ്പ് ചർച്ചകൾ വിജയകരമായതോടെ പ്രതിസന്ധി ഒഴിവായി. റിലീസ് തീയതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

