വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളിലൊന്നായ യുഎസ് നാവികസേനയുടെ MQ-4C ട്രൈറ്റൺ ഡ്രോൺ പേർഷ്യൻ ഉൾക്കടലിൽ തകർന്നു വീണു. ഏപ്രിൽ 9-ന് നടന്ന അപകടം ചൊവ്വാഴ്ച പുറത്തിറക്കിയ നാവികസേനാ റിപ്പോർട്ടിലൂടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സുരക്ഷാ കാരണങ്ങളാൽ അപകടം നടന്ന കൃത്യമായ സ്ഥലം സേന വെളിപ്പെടുത്തിയിട്ടില്ല.
ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, ഇറ്റലിയിലെ സിഗോനെല്ല നാവിക താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോൺ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണം നടത്തുന്നതിനിടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. അപകടത്തിന് മുൻപ് ഡ്രോൺ രണ്ട് പ്രധാന സിഗ്നലുകൾ പുറപ്പെടുവിച്ചിരുന്നു. നിയന്ത്രണ കേന്ദ്രവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനെ സൂചിപ്പിക്കുന്ന 7400, ഗുരുതരമായ അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന 7700 എന്നിവയായിരുന്നു അവ.
50,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ഡ്രോൺ നിമിഷങ്ങൾക്കുള്ളിൽ 10,000 അടി താഴേക്ക് പതിച്ചു. 9,250 അടി ഉയരത്തിൽ വെച്ചാണ് റഡാർ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടത്.നാവികസേനയുടെ പക്കലുള്ള ഏറ്റവും ചെലവേറിയ ആയുധങ്ങളിലൊന്നാണ് MQ-4C ട്രൈറ്റൺ. ഏകദേശം 240 ദശലക്ഷം ഡോളർ (2000 കോടിയിലധികം രൂപ) ആണ് ഒരു ഡ്രോണിന്റെ മൂല്യം. ഇത് ഒരു എഫ്-35 യുദ്ധവിമാനത്തിന്റെ ഇരട്ടിയിലധികം വില വരും. ലോകത്താകെ 20 എണ്ണം മാത്രമാണ് നിലവിൽ നിർമ്മിച്ചിട്ടുള്ളത്.
അപകടത്തിന്റെ കൃത്യമായ കാരണം നാവികസേന പുറത്തുവിട്ടിട്ടില്ല. എങ്കിലും, സാങ്കേതിക തകരാറോ ശത്രുരാജ്യങ്ങളുടെ ഇലക്ട്രോണിക് ഇടപെടലുകളോ ആയിരിക്കാം അപകടകാരണമെന്ന് പ്രതിരോധ വിദഗ്ധർ സംശയിക്കുന്നു. ഇറാൻ ഡ്രോൺ വെടിവച്ചിട്ടതാണെന്ന് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ സംഭവത്തെ ഒരു ‘ക്ലാസ് എ മിഷാപ്പ്’ (അപകടങ്ങളുടെ തീവ്രത കണക്കാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന വിഭാഗം) വിഭാഗത്തിലാണ് നാവികസേന ഉൾപ്പെടുത്തിയിരിക്കുന്നത്.

