ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ ഉത്സവത്തിന് എത്തിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടികാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആളപായം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. അതേസമയം സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.
28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ പരബ്രഹ്മക്ഷേത്രത്തിലെ കെട്ടുത്സവത്തിന് പടനിലത്തെത്തുന്ന കെട്ടുകാളകളില്‍ ഏറ്റവും വലിയവന്‍ എന്ന ഖ്യാതിയാണ് കാലഭൈരവന് സ്വന്തമായുള്ളത്. ഏറ്റവും വലിയ കെട്ടുകാളയ്ക്കുള്ള യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തന്റെ 2023-ലെ അവാര്‍ഡ് കാലഭൈരവനാണ് ലഭിച്ചത്.
പരമശിവന്റെ ഒരു പ്രചണ്ഡരൂപമാണ് കാലഭൈരവന്‍. വിനാശകാരിയായ അല്ലെങ്കില്‍ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവന്‍ എന്നാണ് വിശ്വാസം. ശരീരത്തില്‍ സര്‍പ്പങ്ങളും കപാലമാലയും ആഭരണമായി അണിഞ്ഞിരിക്കുന്ന കാലഭൈരവന്റെ വാഹനം നായയാണെന്നാണ് സങ്കല്പം. പരബ്രഹ്മസ്വരൂപനായ മഹാദേവന്റെ ഉഗ്രരൂപങ്ങളായ എട്ടു ഭൈരവന്മാരില്‍ ഒന്നാണ് കാലഭൈരവന്‍.കാലഭൈരവന്റെ ശിരസ്സ് വീരപാണ്ഡവശൈലിയില്‍ ഏഴിലംപാലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ശില്‍പ്പി പ്രിജിത്ത് ശിവപ്രസാദാണ്.